ഏതൊരു വിജയത്തിന് പിന്നിലും യാതനയുടെ ജ്വാല ഉണ്ടെങ്കില്‍ ഭാവിയില്‍ അത് ഒരു നക്ഷത്രമായി തിളങ്ങും. വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ വാക്യമാണിത്. റൊസാരിയോക്കാരന്‍ ലയണല്‍ മെസിയുടെ കാര്യത്തിലിത് അച്ചട്ടാണ്. ഫുട്‌ബോള്‍ ലോകത്ത് ചരിത്രങ്ങള്‍ മാറ്റി എഴുതുന്നവന്‍. പക്ഷെ ആ ചരിത്രങ്ങളിലേക്കുള്ള യാത്രയിലുടനീളം യാതനകളുടെ ജ്വാലകളുണ്ടായിരുന്നു. ബാല്യത്തിലെ പട്ടിണിയും അരക്ഷിതാവസ്ഥകളും മാത്രമായിരുന്നില്ല ആ ജീവിതത്തില്‍ വില്ലനായി എത്തിയത്.
അസ്തിത്വത്തില്‍ അമാനുഷികത നിറഞ്ഞ ഒരു മനുഷ്യന്‍ ഭൂമിയിലേക്ക് ഉടലെടുത്ത ദിനം. ഫുട്‌ബോളിന്റെ വശ്യ സൗന്ദര്യവും മനോഹാരിതയും കൊണ്ട് ലോകത്തെ പ്രകമ്പനം കൊള്ളിച്ച ഒരു കൂട്ടം കാല്‍പ്പന്തു യോദ്ധാക്കളുടെ വീര്യത്താല്‍ പേരുകേട്ട റൊസാരിയോ തെരുവില്‍ തന്നെയായിരുന്നു മെസിയുടെയും ജനനം. ഇന്നവനെ ലോകം വിളിക്കുന്ന ദൈവപുത്രന്‍ ആയല്ല മെസി പിറന്നു വീണത്, മറിച്ച് കഷ്ടതകളും ദുരിതങ്ങളും ആവോളമുള്ള ഒരു കൊച്ചു കുടുംബത്തിലേക്കാണ്. അന്നാരും കരുതിയില്ല വരും തലമുറയോട് നമുക്ക് പറയാന്‍ അവിശ്വസനീയ കഥകളുടെ പറുദീസ തന്നെ ആ കുഞ്ഞ് സൃഷ്ടിക്കുമെന്ന്. ഫുട്‌ബോളിനെ ഒരു മതമായും മറഡോണയെ അതിന്റെ ദൈവമായും കണക്കാക്കുന്ന ജനതയ്ക്കിടയില്‍ അവനും അവരിലൊരുവനായി വളര്‍ന്നു. മുത്തശ്ശി പറഞ്ഞുകൊടുത്ത ആ ദൈവത്തിന്റെ കഥകള്‍ അവനെ പുളകം കൊള്ളിച്ചു. രണ്ടു കാലില്‍ ഉയിര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവനും ആ തുകല്‍ പന്തിനെ പ്രണയിച്ചുതുടങ്ങി. പ്രായം പത്താകും മുന്‍പേ തന്നെ അവന്റെ ഖ്യാതി അര്‍ജന്റീനയിലെ കളിപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നുകേട്ടു. പക്ഷെ വളര്‍ച്ചാഹോര്‍മോണുകളുടെ അപര്യാപ്തത അയാളുടെ കരിയറിനെത്തന്നെ ഒരു നിമിഷം നിശ്ചലമാക്കി. ഇനി ഉയരം വയ്ക്കില്ലെന്നുള്ള ഡോക്ടറുടെ പ്രതികരണം ലഭിക്കുമ്പോഴേക്കും മെസി ആ തുകല്‍പന്തുമായി അഗാധമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. ഇനിയൊരു മടങ്ങിപ്പോക്ക് അയാള്‍ക്കപ്പോഴേക്കും അസാധ്യമായി. തന്റെ പ്രണയം പൂര്‍ത്തിയാക്കാന്‍ ഏഴുകടലും ഏഴുമലയും കടന്നുവന്ന രാജകുമാരനെപ്പോലെ അയാളും ഒരു യാത്രയാരംഭിച്ചു. തെക്കേ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് അര്‍ജന്റീനയില്‍ നിന്ന് സ്‌പെയിനിലേക്ക് റൊസാരിയോയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക്. പിന്നീടെല്ലാം ചരിത്രം പറയും.
പരിമിതികള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കാത്തൊരുവന്‍, വിജയത്തിന്റെ പൊന്‍കൊടി പാറിച്ച് ഓരോ കാണികളുടെയും ഒരു കൂട്ടം പടയാളികളുടെയും വിശ്വാസത്തിന്റെ അവസാന വാക്കായ കഥയാണിത്. ആ വിശ്വാസം പിന്നീട് ആരാധനയായ കഥ, ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ച ദൈവത്തിന്റെ കഥ. ‘മിശിഹായുടെ കഥ’. ഒരു ജനതയുടെ നേത്രങ്ങളെ അത്ഭുതത്തിന്റെ പരമോന്നതയില്‍ എത്തിച്ച അഞ്ചരയടിക്കാരന്റെ കഥ.
എതിരാളികളെ നിഷ്പ്രയാസം വെട്ടിച്ച് ഒരു പന്തുമായി മെസി ഓടിക്കയറിയത് നേരെ ആരാധകരുടെ നെഞ്ചിലേക്കായിരുന്നു. വിശ്വ വിഖ്യാതമായ ആ ഇടം കാല്‍ കൊണ്ട് തൊടുത്തു വിടുന്ന ഷോട്ടുകള്‍ക്ക് മിസൈലിന്റെ വേഗമായിരുന്നു. ഫ്രീകിക്കുകള്‍ക്ക് മഴവില്ലിന്റെ ചാരുതയും. എതിരാളികളെ കീറിമുറിച്ച് നല്‍കുന്ന ഓരോ കുറിയ പാസ്സുകള്‍ക്ക് ഒരു ശാസ്ത്രഞ്ജന്റെ കൃത്യതയായിരുന്നു. 2022 എന്ന വര്‍ഷം അവസാനിക്കുമ്പോള്‍ രണ്ട് ദശകത്തോളം നീണ്ട കരിയറില്‍ 42 കിരീടങ്ങള്‍, ഏഴ് ബാലണ്‍ ദ്യോര്‍, മറ്റേതൊരു കളിക്കാരനും സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത ഒരുപിടി നേട്ടങ്ങള്‍. അപ്പോഴും മെസി കണ്ട ഒരു സ്വപ്‌നം, ഒരു വലിയ സ്വപ്നം ബാക്കിയായിരുന്നു. മൂപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറഡോണ ഏറ്റുവാങ്ങിയ ലോക കിരീടം, മാരക്കാനയില്‍ തന്റെ കയ്യില്‍ നിന്ന് മരിയോ ഗോട്‌സെയെ മുന്നില്‍ നിര്‍ത്തി ജര്‍മ്മനി തട്ടിയെടുത്ത ആ കനകകിരീടം.
നിങ്ങളുടെ ആഗ്രഹം അത്രമേല്‍ ശക്തവും തീവ്രവും ആണെങ്കില്‍ ഈ പ്രപഞ്ചം മുഴുവനും അത് യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ക്ക് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കും. പൗലോ കൊയ്‌ലോയുടെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കിയാണ് മെസിയുടെ 2022 എന്ന വര്‍ഷം അവസാനിച്ചത്. ഖത്തറില്‍ ലയണല്‍ മെസിയുടെ വലിയ സ്വപ്‌നം പൂവണിഞ്ഞു. മെസിയുടെ ആഗ്രഹം അത്രമേല്‍ ശക്തവും തീവ്രവുമായിരുന്നു. അതുകൊണ്ട് പ്രപഞ്ചം തന്നെ അയാളോടൊപ്പം നിന്നു. മരുഭൂമിയില്‍ പതിയിരുന്ന അപകടങ്ങളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ അര്‍ജന്റീന അതിനനുസരിച്ചുള്ള തന്ത്രങ്ങളാണ് പിന്നീട് ഒരുക്കിയത് (വേള്‍ഡ് കപ്പിലെ അര്‍ജന്റീനയുടെ തോല്‍വി visuals). ആത്യന്തം ഉദ്വോഗഭരിത മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഖത്തറിലെ മെസിയുടെ യാത്ര. ഒടുവില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ മുട്ടുകുത്തിച്ച് കിരീട ധാരണവും.
റൊസാരിയോ തെരുവിലെ മുത്തശ്ശിമാര്‍ക്ക് ഇനി ഒരു കഥ കൂടി പറയാം. ഒരിക്കല്‍ അങ്ങ് ദൂരെ അറേബ്യന്‍ മരുഭൂമിയിലെ മിനാരങ്ങള്‍ മിന്നി തിളങ്ങുന്ന ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിന് തീ പിടിച്ച ഒരു തണുപ്പുള്ള രാത്രിയുടെ കഥ.
കോടാനു കോടി അര്‍ജന്റീനിയന്‍ ആരാധകരുടെ ആ സുന്ദര സ്വപ്നം പൂവണിഞ്ഞു. ലൂസെയിന്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ അപ്പോള്‍ നീല കടലിരമ്പുന്നുണ്ടായിരുന്നു. ഖത്തറിലെ ആ മണല്‍ക്കാടുകളെ സാക്ഷിയാക്കി ആബിസെലസ്റ്റകള്‍ക്കായി ആകാശം പിളര്‍ന്ന് ഒരു വെള്ളിടി മുഴങ്ങി.
ആ കരുത്തുറ്റ ശബ്ദത്തിന് പിന്നാലെ ഒരു കുറിയ മനുഷ്യന്റെ കാലടിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു. ആരവങ്ങള്‍ക്കിടയിലൂടെ വെളുത്ത കുതിരകളെപ്പൂട്ടിയ രഥത്തിലേറി അവര്‍ വരികയാണ്.
ഉദയസൂര്യന്റെ പതാകയേന്തിയ നീലപടയാളികള്‍. ആ പതാകയ്ക്ക് നടുവിലെ സൂര്യദേവന്റെ മുഖത്തിനപ്പോള്‍ അവരുടെ കപ്പിത്താനായ മെസിയുടെ രൂപസാദൃശ്യങ്ങളുണ്ടായിരുന്നു. അംശവടിയേന്തിയ ചക്രവര്‍ത്തിയെപ്പോലെ അവന്റെ കൈയിലപ്പോള്‍ ലോകം മോഹിക്കുന്ന ആ കനക കിരീടവും. ആ സ്വര്‍ണകപ്പില്‍ നിന്നുയരുന്ന പ്രഭാപൂരത്തില്‍ അവന്റെ മുഖം ചന്ദ്രനെപ്പോലെ ശോഭിച്ചു. അവന്റെ ചുംബനങ്ങളാല്‍ ആ ലോകകിരീടവും വിശുദ്ധീകരിക്കപ്പെട്ടു.
ലയണല്‍ മെസി പൂര്‍ണനായിരിക്കുന്നു, അല്ല പരിപൂര്‍ണനായിരിക്കുന്നു. തകര്‍ത്തെറിയാത്ത ഉരുക്കു കോട്ടകളില്ല, നിഷ്പ്രഭമാക്കാത്ത ആരവങ്ങള്‍ ഇല്ല. മറ്റു പലരും കരുത്തു കൊണ്ടും വന്യത കൊണ്ടും കഠിനാധ്വാനം കൊണ്ടും തങ്ങള്‍ക്കു ചുറ്റും ആളെക്കൂട്ടുമ്പോള്‍ മനോഹാരിത കൊണ്ട് മാത്രം മെസി തനിക്കു ചുറ്റും ആള്‍ക്കൂട്ടങ്ങളെക്കൂട്ടി. 36-ാം വയസിലേക്ക് കടക്കുമ്പോള്‍ നന്ദി മെസ്സി നിങ്ങള്‍ക്ക് ഒരായിരം നന്ദി ചിതലരിഞ്ഞ സ്വപ്നത്തെ സാക്ഷാത്കാരിക്കാന്‍ പഠിപ്പിച്ചതിന്, പ്രതിസന്ധികളെ തരണം ചെയ്യാന്‍ പഠിപ്പിച്ചതിന്, തോല്‍വികളില്‍ തളരാതെ വീണ്ടും വിജയത്തിനായി കുതിച്ചതിന്.മെസി എന്നത് വെറുമൊരു പേരല്ല ..ജീവവായു നിറച്ച ഒരു പന്തിന്റെ അപരനാമമാണ് ഞങ്ങള്‍ക്ക്. ഹൃദയത്തിന്റെ മുകള്‍ത്തട്ടില്‍ മറ്റൊരാള്‍ക്കും അല്‍പ്പമിടം പോലും നല്‍കാതെ നിറഞ്ഞുനില്‍ക്കുന്ന ങ്ങളുടെയെല്ലാം ഇന്ദ്രജാലക്കാരന് പിറന്നാള്‍ ആശംസകള്‍. Happy Birthday MESSI…