നമ്മള്‍ ഒരുമിച്ച് ബി ജെപി യെ പരാജയപ്പെടുത്താന്‍ പോകുകയാണ്; കര്‍ണാടകയിലെ വിജയം ഇതിന്റെ തുടക്കം

പട്ന: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ വിജയം ഇതിന്റെ തുടക്കമാണ്. ബിഹാറുകാര്‍ ഭാരത് ജോഡോ യാത്രക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്ന് രാഹുല്‍ പറഞ്ഞു. പട്നയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് രാഹുല്‍ പട്നയില്‍ എത്തിയത്.

ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാനാവില്ലെന്ന് നിങ്ങള്‍ക്ക് അറിയാം. അതിനെ സ്നേഹം കൊണ്ടുമാത്രമെ പരാജയപ്പെടുത്താന്‍ കഴിയു, രാജ്യത്തെ ഒരുമിപ്പിക്കാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷപാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കാനായി ഇവിടെ വന്നിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുകയാണെന്നും രാഹുല്‍ പറഞ്ഞു.

കര്‍ണാടകയില്‍ പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കള്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. പക്ഷെ ഫലം എന്തായിരുന്നു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നതോടെ കര്‍ണാടകയില്‍ ബിജെപി അപ്രത്യക്ഷമായി. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി ഒരിടത്തും ഉണ്ടാകില്ലെന്നും അവിടെയെല്ലാം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

 

Exit mobile version