ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രതിപക്ഷ സഖ്യം സാധ്യമാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഇന്ന് പാറ്റ്നയില്‍ നിര്‍ണായക യോഗം ചേരും. പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടികളെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഏകദേശം 20 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജെ ഡി യു വൃത്തങ്ങള്‍ വ്യക്തമാക്കി.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, അരവിന്ദ് കെജ്രിവാള്‍, ഭഗവന്ത് മാന്‍,ഹേമന്ദ് സോറന്‍, മെഹ്ബൂബ മുഫ്തി, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കള്‍ ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യും. വിശാല സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. ശരത് പവാറിന് പൊതുമിനിമം പരിപാടി രൂപവത്കരിക്കുന്നതിനുള്ള ചുമതല നല്‍കും.
സഖ്യത്തിന്റെ നേതൃപദവി കോണ്‍ഗ്രസ്സിനാണെങ്കിലും പാര്‍ട്ടികളുമായി ആശയവിനിമയം നടത്താനുള്ള ചുമതല നിതീഷ് കുമാറിനും ശരത് പവാറിനുമായിരിക്കും. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളില്‍ സഖ്യത്തിന്റെ പൊതുസ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. മിക്ക നേതാക്കളും ഇന്നലെ തന്നെ പാറ്റ്നയിലെത്തിയിട്ടുണ്ട്.
Discussion about this post