പ്രഭാസ് നായകനായ ആദിപുരുഷ് ഇതിനകം ഇന്ത്യ അടക്കം ആഗോള ബോക്സോഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്ന് റിപ്പോർട്ട്. ചിത്രം റിലീസ് ആയി ഒരാഴ്ച പിന്നുടുമ്പോൾ കളക്ഷന്‍ കുത്തനെ താഴുന്ന ട്രെന്‍റ് തുടരുകയാണ്. ജൂണ്‍ 22ന് ചിത്രത്തിന് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ആകെ കിട്ടിയ കളക്ഷന്‍ 5.50 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ ചിത്രം 260 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതെല്ലാം ചേര്‍ന്ന് ആഗോളതലത്തിലെ കണക്ക് നോക്കിയാല്‍ ചിത്രം 410 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
അതേസമയം ആദിപുരുഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ചിത്രം നിരോധിക്കണം എന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ചിത്രത്തിലെ വിവാദ ഡയലോഗുകള്‍ മാറ്റിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് പുറമേ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് നിര്‍മ്മാതാക്കള്‍ വെട്ടിക്കുറിച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ടി സീരിസ് ബുധനാഴ്ചയാണ് ഈ കാര്യം ഔദ്യോഗികമായിഅറിയിച്ചത്. വ്യാഴം, വെള്ളി ദിനങ്ങളില്‍ 150 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. എല്ലാ ഇന്ത്യക്കാര്‍ക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റില്‍ പറഞ്ഞു. പക്ഷേ 150 രൂപ ടിക്കറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നല്‍കില്ലെന്നാണ് പോസ്റ്റ് പറയുന്നത്. ഹിന്ദി മേഖലകളില്‍ മാത്രമായിരിക്കും ഈ ഓഫര്‍.
Summary: Adipurush: Earned over 400 crores in a week, report shows downward trend