വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യാൻ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാർക്കാട് കോടതി അംഗീകരിച്ചു. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും.
വ്യാജരേഖ ചമച്ചിട്ടില്ലെനന്നായിരുന്നു വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. വിദ്യ ഒളിവിലായിരുന്നില്ല എന്നും സുഹൃത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നേൽ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിദ്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കില്ല. പൊലീസ് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലെ പ്രതികളെ എന്നപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകൻ ആരോപിച്ചു.
പൊലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിദ്യ നിർമിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനൽ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകർപ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിദ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതാണിപ്പോൾ കോടതി അംഗീകരിച്ചത്.
നിയമപരമായി ഏതറ്റം വരെയും പോകാൻ തന്നെയാണ് തീരുമാനമെന്നാണ് വിദ്യ പ്രതികരിച്ചത്. നേരത്തേ, ആവശ്യത്തിലധികം ആഘോഷിച്ചുകഴിഞ്ഞില്ലേ എന്ന് മാധ്യമങ്ങളോട് കെ വിദ്യ ചോദിച്ചിരുന്നു. വ്യാജ രേഖ കേസിൽ അറസ്റ്റിലായി മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിദ്യയുടെ ഈ പരാമർശം.
Summary: K Vidya in 14 days remand, 2 days in police custody.