200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗിന്നസ് റെക്കോഡ്

തന്റെ 200-ാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടെ പോര്‍ച്ചുഗലിന്റെ ഹീറോയായി. യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്ലാന്റിനെ നേരിട്ട പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് നേടിയത്. അതും 90ആം മിനുട്ടില്‍ റൊണാള്‍ഡോയുടെ ഗോളില്‍. റൊണാള്‍ഡോക്ക് പോര്‍ച്ചുഗലിനായുള്ള അദ്ദേഹത്തിന്റെ ഇരുന്നൂറാം മത്സരമായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തില്‍ ഇരുന്നൂറ് മത്സര്‍ങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ ഇതോടെ മാറുകയും ചെയ്തു. മത്സരം സമനിലയിലാകുമെന്ന് എല്ലാരും കരുതിയ നിമിഷത്തിലാണ് ക്രിസ്റ്റിയാനോയുടെ വിജയഗോളെത്തിയത്. 90ആം മിനുട്ടില്‍ ഒരു ക്രോസില്‍ നിന്ന് ഇനാസിയോ ഹെഡ് ചെയ്ത് നല്‍കിയ പന്ത് റൊണാള്‍ഡോ വലയിലെത്തിക്കുക ആയിരുന്നു. വാര്‍ പരിശോധനക്ക് ശേഷമാണ് ആ ഗോള്‍ അനുവദിക്കപ്പെട്ടത്. ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗല്‍ ജഴ്‌സിയിലെ 123-ാം ഗോളായിരുന്നു ഇത്. നാലു മത്സരങ്ങളില്‍ നാലു വിജയവുമായി 12 പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുകയാണ്.

 

Exit mobile version