കെ എസ് യു നേതാവും മുൻ സംസ്ഥാന കൺവീനറുമായ അൻസിൽ ജലീലിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാലയുടെ കണ്ടെത്തൽ. പരീക്ഷാ കൺട്രോളർ ഗോപകുമാർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു.അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റിലുള്ള രജിസ്റ്റർ നമ്പർ ബി കോം ബിരുദത്തിന് സർവകലാശാല നൽകിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർട്ടിഫിക്കറ്റിലെ വി സിയുടെ ഒപ്പ് വ്യാജമാണെന്നും റിപ്പോർട്ടിലുണ്ട്. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള കാലയളവിൽ ഈ സീരിയൽ നമ്പറുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടില്ലെന്നും പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിലുണ്ട്. തുടർന്ന് സർവകലാശാല രജിസ്‌ട്രാർ ഇതുസംബന്ധിച്ച് ഡി ജി പി പരാതി നൽകി.
അതേസമയം, വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി അൻസിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. വ്യാജ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും അൻസിൽ പരാതിയിൽ ആവശ്യപ്പെട്ടു. ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ ഗൂഡലോചനയാണ് പിന്നിലെന്നും അൻസിൽ ജലീൽ പറഞ്ഞിരുന്നു. വ്യാജ ആരോപണത്തിന്റെ മറവിൽ സമൂഹ മാദ്ധ്യമങ്ങളിൽ തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുകയാണെന്നും വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അൻസിൽ ജലീൽ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post