തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക് കടന്നു.12,984 പേര്‍ക്കാണ് ഇന്നലെ പനി ബാധിച്ചത്. മലപ്പുറത്ത് ഗുരുതര സ്ഥിതിയാണ് നിലവിലുളളത്. 2171 പേര്‍ക്കാണ് ഇന്നലെ മാത്രം പനി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.ഇതില്‍ 43 എണ്ണവും എറണാകുളം ആണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുള്ളത്. 8 എലിപ്പനി, 3 മലേറിയ എന്നിവയും സ്ഥിരീകരിച്ചു. ഇന്നലെ ഉണ്ടായ മരണങ്ങള്‍ ഒന്നുപോലും കണക്കില്‍ വന്നിട്ടില്ല. ആതേസമയം, പനി ബാധിച്ചു ഇതുവരെ മരിച്ചവരില്‍ 50ന് താഴെ ഉള്ളവരും കുട്ടികളുമാണ്.
മലപ്പുറത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍. മലയോരമേഖലയിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊതുകു പെരുകുന്നത് തടയാന്‍ പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച പതിമൂന്നുകാരന്റെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനിബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു.
Discussion about this post