ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ലെബനനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ആണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്.
ഇന്ത്യയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിലുടനീളം കളിക്കാര്‍ പ്രകടിപ്പിച്ച കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന് പ്രചോദനമാകും ഈ ഫലം എന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ ഗംഭീര പ്രകടനം നടന്നത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ചാങ്‌തെയും ആണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ച ഗോളുകള്‍ നേടിയത്.