ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈ അടക്കമുള്ള ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ചെന്നൈയിലേക്കുള്ള 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി.ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ ചെന്നൈയിലെ മീനാക്ഷിപുരത്ത് 13.7 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. 10 മണി വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ നാളെ വരെ ചെന്നൈ അടക്കമുള്ള വിവിധ ജില്ലകളില്‍ മഴ തുടരും.