പത്തുമാസം വയറ്റിൽ ചുമന്ന്, നൊന്തു പ്രസവിച്ച്, സിസേറിയനായാലും നല്ല പെയിനാ, പാലൂട്ടി വളർത്തിയ അമ്മമാരെപ്പറ്റി പറയുമ്പോൾ മക്കൾക്ക് നൂറുനാവാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണെന്നതിൽ തർക്കവുമില്ല. പക്ഷേ, അച്ഛൻ നിതാന്ത പോരാളിയാണ്. എന്നെപ്പോലുള്ള പെൺമക്കൾക്ക് റോൾമോഡൽ അച്ഛനാണ്. കെട്ടിയോനായാലും കാമുകനായാലും ഒക്കെ അച്ഛൻ കഴിഞ്ഞിട്ടേയുള്ളൂ. അമ്മമാർക്കൊരു ദിനമുള്ളത് പോലെ അച്ഛൻമാർക്കും ദിനമുണ്ട്. ഫാദേഴ്സ് ഡേ. ജൂണിലെ മൂന്നാം ഞായറാഴ്ചയാണത്.
2023 ജൂൺ 19ന് എല്ലാ മക്കൾമാരും അച്ഛനോടൊപ്പമുള്ള ചിത്രമൊക്കെ സ്റ്ററ്റസ് ആക്കി ഫാദേഴ്സ് ഡേ സെലിബ്രേറ്റ് ചെയ്തു. ചിലരാകട്ടെ, മക്കൾക്കൊപ്പമുള്ള പടമിട്ട് അപ്പൻസ് ഡേ ആഘോഷിച്ചു. കുഞ്ചാക്കോ ബോബനെപ്പോലെ. അച്ഛനെയാണെനിക്കിഷ്ടം എന്ന പാട്ടിൽ തകർത്ത് അഭിനയിച്ച ചാക്കോച്ചനൊക്കെ ദാ ഇപ്പോഴും മനസിൽ ട്രെൻഡിംഗാണ്. കുട്ടിക്കൊപ്പം ആകുമ്പോൾ ഏറ്റവും ചെറിയ കുഞ്ഞായി മാറണമെന്നതാണ് ചാക്കോച്ചൻ ലൈൻ കണ്ടില്ലേ,
ജീവിതത്തിൽ കരുത്തും കരുതലുമായി ഒപ്പം നിന്ന അച്ഛനെ വര്ഷത്തിൽ ഒരു ദിവസം മാത്രമാണോ സ്നേഹിക്കേണ്ടത്, അതുകൊണ്ട് ഇങ്ങനെയൊരു ദിവസത്തിന്റെ ആവശ്യമുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുണ്ട്.
അവരോടായിട്ട് പറയുവാ, ഇതൊരു സിമ്പോളിക് ഡേയാണ്.
തിരക്കിട്ട ജീവിതത്തിൽ എന്നും അച്ഛൻമാർക്ക് വേണ്ടി നന്ദി പറയാനൊന്നും പറ്റില്ലല്ലോ. അതുകൊണ്ട് വർഷത്തിലൊരിക്കൽ അവർക്ക് വേണ്ടി മാറ്റിവയ്ക്കാനും ജീവിതത്തിൽ തണലായതിന് നന്ദി പറയാനുമൊക്കെ ഒരു അവസരം. എങ്ങനെയാണ് ഫാദേഴ്സ് ഡേ ഉണ്ടായത്.
അക്കഥയാണ് പറഞ്ഞുവരുന്നത്.
അമേരിക്കക്കാർ തന്നെയാണ് ഇതിന് പിന്നിൽ. വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ദേ ആഘോഷിച്ചത്. ഒരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ അച്ഛൻ വഹിക്കുന്ന പ്രാധാന്യം ഓർമപ്പെടുത്തുക എന്നതായിരുന്നു ആ ദിവസം ആഘോഷിക്കാനുള്ള കാരണം.
സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയാണ് ഈ ആശയത്തിന് പിന്നിൽ.
പട്ടാളക്കാരനായ വില്യം ജാക്സൺ സ്മാർട്ടിന്റെ മകളായിരുന്നു സൊനോറ. ആറാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ ഭാര്യ മരിച്ചതോടെ വില്യം ഒറ്റയ്ക്കാണ് സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളർത്തിയത്. 16 കാരിയായ സൊനോറ മുതൽ നവജാത ശിശുവുൾപ്പടെ ആറു മക്കൾ. എന്നാൽ വില്യം തളർന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് അയാൾ തന്റെ ആറു മക്കളേയും പൊന്നു പോലെ നോക്കി. മക്കളുടെ സന്തോഷത്തിനു വേണ്ടി അച്ഛൻ പലതും ത്യജിക്കുന്നുത് സൊനോറയെ വേദനിപ്പിച്ചു കൊണ്ടിരുന്നു.
1909 ലാണ് മദേഴ്സ് ഡേ ആഘോഷിക്കാൻ ആരംഭിച്ചത്. ഒരു പള്ളിയിൽ ഇതിന്റെ ആഘോഷം നടക്കുന്നതറിഞ്ഞപ്പോൾ ഫാദേഴ്സ് ഡേയും വേണമെന്ന് സൊനോറയ്ക്ക് തോന്നി. അച്ഛന്റെ ജന്മദിനമായ ജൂൺ 5ന് ഫാദേഴ്സ് ഡേ ആഘോഷിക്കണമെന്നാണ് സൊനോറ ആഗ്രഹിച്ചു. പാസ്റ്ററോട് തന്റെ ആഗ്രഹം പറയുകയും ചെയ്തു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, സൗകര്യപ്രദമായ ദിവസം പരിഗണിച്ചപ്പോൾ 1910 ജൂൺ 19 ഞായറാഴ്ചയാണ് ആഘോഷം നടന്നത്. ആദ്യമൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഫാദേഴ്സ് ഡേയ്ക്ക് 1913ലാണ് അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ ഔദ്യോഗിക അനുമതി നല്കിയത്. 1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫാദേഴ്സ് ഡേ എന്ന ആശയം പ്രചരിച്ചു.
അച്ഛന് സർപ്രൈസും സമ്മാനങ്ങളുമൊക്കെ നൽകിയാണ് മക്കൾ ഈ ദിവസം ആഘോഷിക്കുന്നത്. പണ്ടൊക്കെ അച്ചൻമാർ കുറച്ച് സീരിയസായിരുന്നു. ഗൌരവക്കാരായിരുന്നു. ഇപ്പോഴത്തെ അച്ഛൻമാർ സൂപ്പർകൂളാണ്. മക്കൾക്ക് ഫ്രെണ്ട്സാണ്. ബ്രോയാണ്.
ബ്രോഡാഡിയിലെ ലാലേട്ടനെപ്പോലെ, അടിപൊളി അച്ഛനാകാനുള്ള ഇത്തിരി ടിപ്സ് പറഞ്ഞ് അവസാനിപ്പിക്കാം. എല്ലാ പ്രശ്നത്തിലും ഒപ്പം നിൽക്കുന്ന അച്ഛനെയാണ് മക്കൾ ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾ എന്തുതന്നെയായാലും അതു തുറന്നു പറയാനുള്ള സാഹചര്യം വീട്ടിൽ ഉണ്ടായിരിക്കണം. അവര് പറയുന്ന കാര്യങ്ങളൊക്കെ മുൻവിധിയില്ലാതെ, ദേഷ്യപ്പെടാതെ കേൾക്കുക, അവരുടെ സുഹൃത്തായി, ബെസ്റ്റ് ഫ്രണ്ടായി മാറുക.
ക്വാളിറ്റി ടെൈം കുട്ടികൾക്കൊപ്പം ചെലവഴിക്കുക. സാധനങ്ങൾ വാങ്ങി നൽകുന്ന എടിഎം മെഷീൻ ആകരുത്. ജോലിത്തിരക്ക്, വീട്ടുബാധ്യതകൾ, കുട്ടികളുടെ പഠനച്ചെലവ്, മറ്റ് കെട്ടുപാടുകൾ ഒക്കെയുണ്ടാകും. എന്നാൽപ്പോലും ഫോണും മറ്റുതൊല്ലകളുമൊക്കെ മാറ്റിവച്ച് സ്വന്തം മക്കൾക്കായി, അവരിലൊരാളി മാറാൻ സമയം കണ്ടെത്തണം. ഒ്നുമില്ലെങ്കിൽ ഒരുനേരത്തെ ഭക്ഷണമെങ്കിലും ഒപ്പം കഴിക്കണം. യാത്രകൾ പോകണം. അടിച്ചുപൊളിക്കണം. ദൂരത്തുള്ള പിതാക്കൻമാർ വീഡിയോ കോളിലൂടെയൊക്കെ മക്കളുമായി നിരന്തരം കോൺടാക്ട് വയ്ക്കണം. അച്ഛൻ ഒപ്പമുണ്ടെന്ന തോന്നൽ ുറപ്പിക്കണം.
കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിയണം. അവരുടെ മനസറിയണം. അവരുമായി നന്നായി സംസാരിക്കണം. ഇഷ്ടമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. ഇതോടൊപ്പം മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളും സമൂഹത്തിന് ഗുണമായി വളർന്നു വരുന്നതിനെപ്പറ്റി പറഞ്ഞുകൊടുക്കുകയും ആകാം. കള്ളം പറയരുതെന്ന് പറഞ്ഞുകൊടുക്കയല്ല. സ്വയം മാതൃകയായി മാറുകയാണ് വേണ്ടത്.
Discussion about this post