മുംബൈ: 1993ല്‍ നടത്തിയ ഇരട്ട കൊലപാതകത്തെയും കവര്‍ച്ചയെയും കുറിച്ച് മദ്യലഹരിയില്‍ വെളിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. മുംബൈയിലെ വിക്രോളിയില്‍ താമസിക്കുന്ന അവിനാഷ് പവാര്‍ എന്നയാളാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കൊലപാതകം നടത്തുന്ന സമയത്ത് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവിനാഷിന് ഇപ്പോള്‍ 49 വയസ്സുണ്ട്. ഒരു മദ്യപാന സദസിലാണ് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് ഇയാള്‍ മദ്യലഹരിയില്‍ തുറന്നുപറഞ്ഞത്. ഇതേക്കുറിച്ച് വിവരം ലഭിച്ച മുംബൈ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
1993 ഒക്ടോബറിലാണ് അവിനാഷ് പവാറും മറ്റു രണ്ടു പേരും ചേര്‍ന്ന് ഇരട്ട കൊലപാതകം നടത്തിയത്. 55 വയസ്സുള്ള പുരുഷനെയും ഇയാളുടെ 50 വയസ്സുള്ള ഭാര്യയെയുമാണ് കവര്‍ച്ചാ ശ്രമത്തിനിടെ അവിനാഷും സംഘവും കൊലപ്പെടുത്തിയത്. ലോണാവാലയിലെ ഇവരുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു കൊലപാതകം. അവിനാഷിന്റെ കൂട്ടാളികളെ പൊലീസ് പിടികൂടിയെങ്കിലും, അന്ന് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവിനാഷ് രക്ഷപ്പെടുകയായിരുന്നു. സ്വന്തം അമ്മയെയും ഉപേക്ഷിച്ച് അവിനാഷ് പിന്നീട് ഡല്‍ഹിയിലെത്തി. അവിടെനിന്ന് ഇയാള്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തി. അവിടെ അമിത് പവാര്‍ എന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സും സ്വന്തമാക്കി. പുതിയ പേരില്‍ ഇയാള്‍ ആധാര്‍ കാര്‍ഡ് പോലും സ്വന്തമാക്കിയിരുന്നു. പിന്നീട് വിവാഹിതനുമായി. ഒടുവില്‍ മുംബൈയിലെ വിക്രോളിയില്‍ താമസിച്ചു വരുമ്പോഴാണ് മദ്യലഹരിയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇയാള്‍ക്ക് കെണിയായത്. 30 വര്‍ഷം പിന്നിട്ട സ്ഥിതിക്ക് ഇനി ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസവും മദ്യപാന ശീലവുമാണ് ഒടുവില്‍ അവിനാഷിനെ കുരുക്കിയത്.