സൗദിയില്‍ ഇനി കളി മാറും

സൗദി ലീഗ് കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗിലെക്കെത്തിയതോടെയാണ് ലോകം മുഴുവനും സൗദിയിലേക്ക് കണ്ണു കൂര്‍പ്പിക്കുന്നത്. റൊണാള്‍ഡോ ഏത് ക്ലബ്ബിലെത്തിയാലും ആ ക്ലബ്ബിന്റെ ആരാധകരാകുന്ന നിരവധി ഫാന്‍സാണ് താരത്തിന്റെ ശക്തി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്റിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ആരാധകരൊന്നടങ്കം ഞെട്ടിയെങ്കിലും അവിടെയും താരം ഒരു ബ്രാന്‍ഡായി മാറി.

റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ കളിക്കാന്‍ തുടങ്ങിയതോടെ ടൂര്‍ണമെന്റിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവുണ്ടായി. വളരെ കുറച്ച് ആരാധകര്‍ മാത്രമുണ്ടായിരുന്ന അല്‍ നസര്‍ ക്ലബ്ബിന്റെ മൂല്യം കുതിച്ചുയര്‍ന്നു. ആരാധകര്‍ പത്തിരട്ടിയോളമായി. ഇതോടെ സൗദി പ്രോ ലീഗ് ലോകത്തില്‍ ചര്‍ച്ചാവിഷയമായി. റൊണാള്‍ഡോയുടെ ഓരോ ഗോളുകളും സൗദി പ്രോ ലീഗിനെ ലോകത്തിന്റെ മുക്കിനും മൂലയിലുമെത്തിച്ചു. പണക്കൊഴുപ്പിന്റെ അവസാന വാക്കായ സൗദി പ്രോ ലീഗ് റൊണാള്‍ഡോയ്ക്ക് നല്‍കിയ ശമ്പളം തന്നെയാണ് അതിനുള്ള ഉത്തമ ഉദാഹരണമാണ്.

അടുത്ത സീസണില്‍ കൂടുതല്‍ ലോകോത്തര താരങ്ങളെ എത്തിച്ച് കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ് സൗദി പ്രോ ലീഗ് . അതിനായി പണം വാരിയെറിയാനും സൗദി ക്ലബ്ബുകള്‍ക്ക് മടിയില്ല. അതിന്റെ ഭാഗമായാണ് റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സേമയെ സൗദിയിലേക്ക് കൊണ്ടുവന്നത്. അല്‍ ഇത്തിഹാദ് ക്ലബ്ബിലേക്കാണ് ബെന്‍സേമയുടെ വരവ്. താരത്തിനായി 110 മില്യണ്‍ ഡോളറോളാണ് അല്‍ ഇത്തിഹാദ് ചെലവിട്ടത്. മൂന്നുവര്‍ഷത്തെ കരാറിലാണ് താരം സൗദിയിലെത്തുന്നത്. ബെന്‍സേമയ്‌ക്കൊപ്പം ഫ്രഞ്ച് താരമായ എന്‍ഗോള കാന്റെയയെും ഇത്തിഹാദ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്. 100 മില്യണ്‍ ഡോളറാണ് താരത്തിനായി ക്ലബ് ചെലവഴിച്ചത്. ബെന്‍സേമയും കാന്റെയും കൂടി വന്നതോടെ സൗദി പ്രോ ലീഗിന്റെ ആരാധകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. ഇതുകൊണ്ടൊന്നും സൗദി അറേബ്യ നെറ്റ്വര്‍ക്ക് അവസാനിപ്പിച്ചിട്ടില്ല.

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കൊണ്ടുവരാനായി സൗദി പ്രോ ലീഗ് കിണഞ്ഞുശ്രമിച്ചിരുന്നു. റെക്കോഡ് തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ ക്ലബ്ബാണ് രംഗത്തുണ്ടായിരുന്നത്. പക്ഷെ അല്‍ ഹിലാലിന്റെ പടുകൂറ്റന്‍ ഓഫറിനെ മറികടന്ന് മെസി അമേരിക്കന്‍ ലീഗിലേക്കാണ് ചേക്കേറിയത്. മെസി വന്നില്ലെങ്കിലും സൗദി ലീഗ് ഇപ്പോള്‍ മറ്റു പല വമ്പന്മാരെയും നോട്ടമിട്ടിട്ടുണ്ട്. സ്പാനിഷ് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്, ഇന്റര്‍ മിലാന്റെ എഡിന്‍ സെക്കോ, ചെല്‍സിയുടെ പിയറി എമെറിക്ക് ഔബമെയാങ്, ബാഴ്സലോണയുടെ ജോര്‍ഡി ആല്‍ബ, ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകന്‍ ഹ്യൂഗോ ലോറിസ്, മിഡ്ഫീല്‍ഡ് മാസ്ട്രോ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ചിലിയുടെ സൂപ്പര്‍ താരം അലെക്സിസ് സാഞ്ചെസ്, ഹെക്ടര്‍ ബെല്ലെറിന്‍ എന്നീ താരങ്ങള്‍ക്കുവേണ്ടിയും സൗദി ക്ലബ്ബുകള്‍ വലവിരിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അല്‍ നസ്ര്, അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ് എന്നീ മുന്‍നിര ക്ലബ്ബുകളെ സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസില്‍ യുണൈറ്റഡിന്റെ ഉടമസ്ഥരാണിവര്‍. സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഈ ക്ലബ്ബുകളിലൂടെ വമ്പന്‍ താരങ്ങളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

Exit mobile version