ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യഹർജിയിൽ കോടതി ഇന്ന് വിധി പറയും. ചെന്നൈ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജി എസ് അല്ലിയാണ് വിധി പറയുന്നത്. സെന്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ബൈപാസ് ശസ്ത്രക്രിയക്കുവേണ്ടി മന്ത്രിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും സെന്തിലിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി മന്ത്രി സഹകരിക്കുന്നില്ലെന്നും, ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡി ആവശ്യപ്പെടുന്നത്. സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് കാണിച്ച് ഇഡി അപേക്ഷ നൽകിയിട്ടുണ്ട്.
മന്ത്രിയുടെ ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കൽ റിപ്പോർട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു.