വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; അന്വേഷണ സംഘത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരും, വിദ്യ ഒളിവില്‍ തന്നെ

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തി. പത്താം ദിവസവും കേസിലെ പ്രതി വിദ്യയെ പിടികൂടാന്‍ കഴിയാതെ വന്നതോടെ പൊലീസ് നടപടി. പുതൂര്‍, ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ പത്താം ദിവസവും മുഖ്യപ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. വിദ്യ എത്തിയ കാറിന്റെ നമ്പര്‍ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂര്‍ ഗവ കോളേജിലെത്തും. അഭിമുഖ പാനലില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി രേഖപ്പെടുത്തും. വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

മഹാരാജാസ് കോളജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളേജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരം പുറത്താകുന്നത്.

Exit mobile version