ബിപോര്‍ജോയ് ഗുജറാത്ത് തീരത്തെത്തും; മണിക്കൂറില്‍ 150 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശും

ഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് ഗുജറാത്ത് തീരത്തെത്തും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ്. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ജനങ്ങളോട് പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചു. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയാണ്. പോര്‍ബന്തരില്‍ മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ തിരമാലയും അടിക്കുനുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ എല്ലാം സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. അതിനിടെ, ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

Exit mobile version