വാഷിങ്ടണ്‍: പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കോടതി നിര്‍ദേശമനുസരിച്ച് മയാമി ഫെഡറല്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയില്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ അന്വേഷണത്തിനൊടുവില്‍ യു.എസ്. നീതിന്യായവകുപ്പ് മിയാമി കോടതിയില്‍ ട്രംപിന്റെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ട്രംപിന്റെ പേരില്‍ അഞ്ച് സുപ്രധാനകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആണവരഹസ്യങ്ങളടങ്ങിയ സുപ്രധാനരേഖകള്‍ വീട്ടിലെ കുളിമുറിയില്‍ സൂക്ഷിച്ചു, പ്രതിരോധമേഖലയും ആയുധശേഷിയുമായി ബന്ധപ്പെട്ട രേഖ അലക്ഷ്യമായി കൈകാര്യംചെയ്തു, യു.എസിന്റെയും സഖ്യകക്ഷികളുടെയും സൈനിക ബലഹീനതകളെക്കുറിച്ചുള്ള രേഖകളുമായി ബന്ധപ്പെട്ടത് എന്നിവയാണ് അതില്‍ പ്രധാനം. 37 ക്രിമിനല്‍ക്കുറ്റങ്ങളാണ് ട്രംപിന്റെപേരില്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപിന്റെ ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോ വീട്ടില്‍നിന്ന് രഹസ്യസ്വഭാവമുള്ള നൂറിലധികം സര്‍ക്കാര്‍ രേഖകള്‍ എഫ്ബിഐ റെയ്ഡിലൂടെ കണ്ടെടുക്കുന്നത്.
Discussion about this post