പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കും. മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്ന രീതിയില്‍ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി എടുക്കുന്നു. മലപ്പുറത്ത് 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷിച്ചിട്ടുള്ളത്. സര്‍ക്കാര്‍, എയിഡഡ് സീറ്റുകള്‍ 55,590 ആണുള്ളത്. അണ്‍ എയിഡഡ് സീറ്റുകള്‍ 11,286 ആണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2,820 ഉം, അണ്‍ എയിഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലാ എങ്കില്‍ ഇനി വേണ്ട സീറ്റുകള്‍ 22,512 ആണ്. അണ്‍ എയിഡഡ് കൂടി പരിഗണിക്കുകയാണെങ്കില്‍ 11,226 സീറ്റുകള്‍ വേണം. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്മെന്റില്‍ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യുന്നതാണ്.

ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കും. എയ്ഡഡ് മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ പരിശോധിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്‍കാലിക ബാച്ച് ആകും അനുവദിക്കുക എയ്ഡഡ് മേഖലയില്‍ അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കന്‍ ജില്ലകളിലെ സീറ്റ് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version