കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ കെകെ ശൈലജ ടീച്ചർ. ചെയ്ത തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയല്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.
അതേസമയം, എസ്എഫ്‌ഐ മുൻ നേതാവ് വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം തിങ്കളാഴ്ച അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക.മാത്രമല്ല ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അഗളി പോലീസ് വിവരങ്ങൾ ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
അഗളി ഡിവൈഎസ്പി ഇതിനായി എറണാകുളത്തെ എത്തും. വിദ്യയുടെ കാലടി സർവകലാശാലയിലെ പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയർന്ന ആരോപണം പരിശോധിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഓൺലൈനായി യോഗം ചേർന്ന് പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചേക്കും. അതെസമയം ഒളിവിലുള്ള വിദ്യയെ പിടികൂടാൻ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Discussion about this post