മീനിന്റെയും ഇറച്ചിയുടെയും വില കുതിക്കുന്നു. ചൂട് കൂടിയത് കാരണം കോഴികുഞ്ഞുങ്ങൾ ചത്തുപോകുന്നുവെന്നും അതിനാൽ ഉത്പാദനം കുറഞ്ഞുവെന്നും കാരണം പറഞ്ഞാണ് അന്യസംസ്ഥാന നിന്നെത്തുന്ന കോഴിയിറച്ചിയുടെ വില ഉയരുന്നത്. മീനിന്റെ ലഭ്യത കുറഞ്ഞതും ട്രോളിങ് നിരോധനവുമാണ് മീൻ വില ഉയരാൻ മുഖ്യ കാരണം.
കഴിഞ്ഞ മാസം 120 രൂപക്ക് അകത്തു ഉണ്ടായിരുന്ന കോഴിക്കാണ് ഇപ്പോൾ 170 വരെ കൂടിയിരിക്കുന്നത്. വില ഉയർന്നതോടെ വില്പന കുറഞ്ഞെന്നും വ്യാപാരികൾ പറയുന്നു. ഇറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയും കൂടിയിട്ടുണ്ട്. ഇതൊക്കെ ഹോട്ടൽ ബിൽ ഉയർത്തുന്നതിനും കരണമാകുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
ഇതോടൊപ്പം മീൻ വിലയും ഗണ്യമായി വർധിക്കുന്നത് ആശങ്കക്ക് വഴിവയ്ക്കുന്നുണ്ട്. കേരളത്തിലേക്കെത്തുന്ന ഇറച്ചിക്കോഴിയുടെ വില നിയന്ത്രണം കൈകാര്യം ചെയ്യുന്നത് തമിഴ്നാട് ബ്രോയിലർ കോഓർഡിനേഷൻ കമ്മിറ്റിയാണ്. തമിഴ്നാട്ടിലെ ഉൽപാദനത്തിൽ തുടങ്ങി കേരളത്തിൽ ഏതു വിലയ്ക്ക് ഇറച്ചിക്കോഴി വിൽക്കണമെന്നു വരെ നിശ്ചയിക്കുന്നത് ഇവരാണ്. സംസ്ഥാനത്തെ വിലനിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതും ഇവർക്കു വളമാകുന്നു എന്നും വ്യാപാരികൾ പരാതിപ്പെട്ടു.