പി എം ആർഷോയുടെ പരാതിയിൽ കേസെടുത്ത നടപടി മാധ്യമങ്ങൾക്കെതിരെയല്ലെന്ന് സജി ചെറിയാൻ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കേസെടുത്ത നടപടി മാധ്യമങ്ങൾക്കെതിരെയല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നടപടി വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ എടുത്തതാണ്. സർക്കാരിനെ ഇകഴ്ത്തുന്ന സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്.

മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രം​ഗത്തെത്തിയിരുന്നു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയിൽ പങ്കാളിയായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. നടപടിയെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയായി താരതമ്യം ചെയ്യേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മാർക്ക് ലിസ്റ്റിനെ പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പി എം ആർഷോയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മഹാരാജാസ് കോളജ് അധ്യാപകൻ വിനോദ് കുമാറാണ് ഒന്നാം പ്രതി. തെറ്റായ റിസൾട്ട് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകൻ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിൻസിപ്പൽ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറിൽ പറയുന്നു.മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് എഫ് ഐ ആറിൽ പറയുന്നുണ്ട്.

Exit mobile version