ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്.
ന്യൂയോര്‍ക്ക് സമയം ഉച്ചക്ക് 3 മണിയോടെയാണ് സംഘം ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മന്‍മധന്‍ നായര്‍, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. തുടര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍കീ ഹോട്ടലിലേക്ക് സംഘം പോയി.
ഇന്ന് തുടങ്ങി 13 വരെയാണ് അമേരിക്കയില്‍ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം. 11 നാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്‌ക്വയറിലെ പൊതു സമ്മേളനവും നടക്കുക.11 ബിസിനസ് ഇന്‍വെസ്റ്റ് മീറ്റിനൊപ്പം സംരംഭകര്‍, വനിതാ സംരംഭകര്‍, നിക്ഷേപകര്‍, പ്രവാസി മലയാളി നേതാക്കള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സ്മാരകം, യു.എന്‍ ആസ്ഥാന സന്ദര്‍ശനം എന്നിവയും പട്ടികയിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഡിന്നറിന് എത്ര പേര്‍ കാര്‍ഡ് എടുത്തു എന്നടതക്കമുള്ള വിവരങ്ങള്‍ സംഘാടക സമിതി പുറത്തുപറഞ്ഞിട്ടില്ല.
അമേരിക്ക, ക്യൂബ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിക്കും. ക്യൂബയില്‍ നിന്ന് ജൂണ്‍ 17 -ന് മുഖ്യമന്ത്രി ദുബായില്‍ എത്തും. ജൂണ്‍ 18 -ന് കേരള സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ ദുബായില്‍ ഉദഘാടനം ചെയ്യും. വൈകുന്നേരം നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകള്‍.19 -ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.