സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് കുത്തനെ ഉയർത്തി കർണാടക സർക്കാര്‍

ബംഗളുരു: 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി കർണാടക സർക്കാർ. 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് വർധനവ് ബാധകമാവുക. യൂണിറ്റിന് 2.89 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും. 200 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് ഗൃഹജ്യോതി പദ്ധതി പ്രകാരം സൗജന്യമായി വൈദ്യുതി ലഭിക്കും.

ചൊവ്വാഴ്ചയാണ് കർണാടക സർക്കാർ ​സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയായ ഗൃഹജ്യോതി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി ബില്ലടക്കേണ്ടതി​ല്ലെന്നും പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ സാധാരാണക്കാരേയും മധ്യവർഗക്കാരേയും സഹായിക്കുന്നതിനാണ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞിരുന്നു. വൈദ്യുതി ചാർജ് ഉയർത്താനുള്ള തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് കർണാടക സർക്കാർ എടുത്തതല്ലെന്നായിരുന്നു സിദ്ധരാമയ്യയു​ടെ മറുപടി. കർണാടക റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് ഉയർത്താനുള്ള തീരുമാനമെടുത്തത്. അവർ അത് നേ​രത്തെ തന്നെ എടുത്തിരുന്നു. തീരുമാനം നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Exit mobile version