കൊല്ലം സുധിയുടെ വിയോഗം; സന്തോഷങ്ങൾ കവർന്ന മരണം

സിനിമതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയോടെയാണ് നാം കേട്ടത്. വിശ്വസിക്കാൻ കഴിയുന്നില്ല. മിനിസ്ക്രിൻ പ്രേക്ഷകർ ദിവസം കാണുന്ന മുഖമായിരുന്നു സുധിയുടേത്. നമ്മളെ കുടുകുടെ ചിരിപ്പിക്കുന്ന മുഖം.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ നമ്മളെ സങ്കടകടലിലാഴ്ത്തി സുധി മറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സുധിക്ക് ഒപ്പം നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

16 വയസ്സിലാണ് സുധി കലാരംഗത്ത് എത്തുന്നത്. ഉത്സവകാലത്ത് അമ്പല പറമ്പുകളില്‍ സ്റ്റേജ് ഷോകളിലും സ്‌കിറ്റും കോമഡിയും ചെയ്ത് വളരെ വര്‍ഷങ്ങളെടുത്താണ് സുധി തന്റേതായ ഇടം നേടിയത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തിലേക്ക് കൂട്ടിയ ഭാര്യ, മകന്‍ രാഹുലിന് ഒന്നരവയസ്സുള്ളപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം പോയത് സുധിയുടെ ജീവിതത്തിലെ കനത്ത ആഘാതമായിരുന്നു. ഒടുപാട് കഷ്ടപ്പെട്ടാണ് സുധിയും മകനും ജീവിതവുമായി മുന്നോട്ട് പോയത്. സ്‌റ്റേജ് ഷോകള്‍ക്കെല്ലാം കുഞ്ഞായ മകനെയും കൂടെ കൂട്ടിയാണ് സുധി പോയിരുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേണു സുധിയുടെ ജീവിതസഖിയാകുന്നത്. ഇരുവര്‍ക്കും ഋതുല്‍ എന്ന മകനും ജനിച്ചു. സങ്കട കടല്‍ താണ്ടി ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലായിരുന്നു സുധി. കൂടാതെ ചാനല്‍ പരിപാടികള്‍ക്ക് പുറമേ ഒട്ടേറെ സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചതോടെ കൊല്ലം സുധി എന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതമായി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

മരിക്കുന്നതിന്റെ തലേന്ന് വടകരയിലെ പരിപാടിയിൽ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച സുധിയെ ഓർക്കുമ്പോൾ സങ്കടം സഹിക്കാനാവുന്നില്ലെന്ന് വിനോട് കോവൂർ എഴുതി. ‘സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലിക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു.’ വിനോദ് കോവൂർ എഴുതി. പക്ഷേ ഈ സന്തോഷങ്ങൾക്കൊക്കെയും അധികം ആയുസ്സുണ്ടായില്ല.

Exit mobile version