മലയാളികളുടെ ഒരു പൊതുവികാരമാണ് മൽസ്യം. ഉച്ചക്ക് ഇച്ചിരി മീൻ കറി കൂട്ടി ചോറുണ്ണാതെ തൃപ്തി വരാത്തവരാണ് ശരാശരി മലയാളി. ഈ മലയാളയ്ക്ക് മീനിൽ എട്ടിന്റെ പണി കിട്ടിയാലോ. സംഗതി വേറൊന്നുമല്ല. ട്രോളിങ് നിരോധനം വന്നതോടെ മീനിന്റെ ലഭ്യത കുറഞ്ഞു. സ്വാഭാവികമായും ഡിമാൻഡ് ഉള്ള മീൻ വിപണിയിൽ മീനിന്റെ വില കൂട്ടാൻ വ്യാപാരികൾ തീരുമാനിച്ചു.
300 രൂപയുണ്ടായിരുന്ന ഓലക്കൊഴുവയുടെ വില 550 ആയി. 550 രൂപയുണ്ടായിരുന്ന കാളാഞ്ചിക്ക് 750 ഉം, 350 രൂപയുണ്ടായിരുന്ന വറ്റ 700 ലേക്കും കുതിച്ചു. 140 രൂപകകത്ത് മാത്രം വിലയുണ്ടായിരുന്നു സാധാരണക്കാരന്റെ സ്വന്തം മത്തിക്കോ, ഇപ്പോ 240 രൂപ ആയി. അയല 250, കിളിമീൻ 220, ഉഴുവൽ 140 എന്നതിങ്ങനെയാണ് ഇപ്പോ മീൻ വിലകൾ.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മുനമ്പം, ചെല്ലാനം, തോപ്പുംപടി, അഴീക്കൽ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ജില്ലയിലേക്ക് മത്സ്യങ്ങൾ എത്തുന്നത്. കടൽ മീനിന്റെ വരവ് കുറഞ്ഞതോടെ വളർത്തു മൽസ്യങ്ങളുടെ വിലയയും കൂടി. സർക്കാരിന്റെ മൽസ്യ ഫെഡ് സ്റ്റാളുകളിലും വില കൂടിവരികയാണ്. ഇവിടെയും അന്യസംസ്ഥാനത്തെ തന്നെയാണ് ആശ്രയിക്കുന്നത്. പക്ഷെ പദ്ധതി കൊണ്ട് വന്നത് ഹാർബറുകളിൽ നിന്നും ഉൾനാടൻ മത്സ്യകർഷകരിൽ നിന്നും നേരിട്ട് അതാത് ദിവസത്തെ മീനുകൾ വിപണന കേന്ദ്രങ്ങൾ വഴിയെത്തിച്ച് വില്പന നടത്താനായിരുന്നു. അതേതായാലും നടന്നില്ല.
ട്രോളിങ് നിരോധന സമയത്തു മീൻ ലഭ്യത കുറയുന്നതോടെ ഗുണനിലവാരത്തിൽ ഒകെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മായം ചേർത്ത മീനുകൾ ഒക്കെ മാർക്കറ്റിൽ ധാരാളം എത്തും. കൃത്യമായ പരിശോധന നടത്തി ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാൻ അധികാരികളും മുൻകൈ എടുക്കണം. ഏറ്റുമാനൂരിൽ നിന്ന് ഈയടുത്താണ് ഫോർമാലിൻ അടങ്ങിയ പഴകിയ മീനുകൾ പിടിച്ചെടുത്തത് എന്നോർക്കണം.
എന്തിനധികം, കുട്ടനാടിന്റെ സ്വന്തം കരിമീന് പോലും രക്ഷയില്ല. കുട്ടനാടൻ കരിമീൻ എന്ന പേരിൽ പലയിടത്തും ലഭിക്കുന്നത് ആന്ധ്രയിൽ നിന്ന് വരുന്ന കരിമീനാണ്. ഇതിനാവട്ടെ നമ്മുടെ നാടൻ മീനിന്റെ രുചിയുടെ ഏഴ് അയലത്ത് വരില്ല. ഒറിജിനലിനെ വില കൊടുത്ത ഡ്യൂപ്ലിക്കേറ്റ് വാങ്ങേണ്ട അവസ്ഥ.
Discussion about this post