ന്യൂഡല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തമുണ്ടായ ബലാസോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദര്‍ശിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തല്‍ നടത്തും.
238 പേര്‍ മരിക്കുകയും 900-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡിഷയുടെ നാല് ദ്രുതകര്‍മസേനാ യൂണിറ്റുകളും 15 അഗ്നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടര്‍മാര്‍, 200 പോലീസുകാര്‍, 60 ആംബുലന്‍സുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.