ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു 50 മരണം, 300 പേർക്ക് പരിക്ക്

ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് അമ്പതോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. 300 ൽ ഏറെ പേർക്ക് പരിക്കേറ്റതായും കണക്കാക്കുന്നു. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. അപകടത്തിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുകയാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും പ്രദേശത്തെ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ചുമതലപെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു.

Summary: 50 dead, 300 injured in train collision in Odisha

Exit mobile version