കണ്ണൂര്‍: അട്ടിമറി സംശയിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍.ഐ.എ വിവരങ്ങള്‍ തേടുന്നു. സംസ്ഥാന- റെയില്‍വേ പൊലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. പുലര്‍ച്ചെയാണ് കണ്ണൂര്‍ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപിടുത്തമുണ്ടായത്. ഒരു ബോഗി പൂര്‍ണ്ണമായും കത്തിനശിച്ചു.അതേസമയം 1:15 ന് ആണ് ട്രെയിനില്‍ തീ കണ്ടതെന്ന് ദൃക്‌സാക്ഷി പറയുന്നു.
അതേസമയം ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാള്‍ കാനുമായി ട്രെയിനില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അന്വേഷണ ഏജന്‍സികള്‍ സിസിടിവിയില്‍ കാണുന്ന ആളെ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കത്തിയ കോച്ച് സീല്‍ ചെയ്തു.
സംഭവവുമായി ബന്ധപെട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ പരിശോധന തുടങ്ങി. പാലക്കാട് എഡിആര്‍എം സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. ഫൊറന്‍സിക് പരിശോധനയിലെ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ.