മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നു; കൊല്ലപ്പെട്ടത് പൊലീസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍, അമിത് ഷാ ഇന്നെത്തും

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. അതെസമയം മണിപ്പൂരില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. മുഖ്യമന്ത്രി ബിരേന്‍സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.

കഴിഞ്ഞ വ്യാഴാഴ്ച, സമാധാനം നിലനിര്‍ത്താന്‍ മണിപ്പുരിലെ ജനങ്ങളോട് അഭ്യര്‍ഥിച്ച അമിത് ഷാ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാന നില വിലയിരുത്തിയിരുന്നു. അതെസമയം, ഞായറാഴ്ച്ചയുണ്ടായ അക്രമത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘര്‍ഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയുണ്ട്.

ചില ഗോത്രവര്‍ഗ സംഘങ്ങള്‍ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്. അക്രമം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ പല മേഖലകളിലും കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച്ച, മണിപ്പുര്‍ പൊലീസിന്റെ കമാന്‍ഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും കൊല്ലപ്പെട്ടവര്‍ ഭീകരപ്രവര്‍ത്തകരാണെന്നും ബിരേന്‍സിങ് പറഞ്ഞിരുന്നു.

എം16, എകെ47, സ്‌നൈപ്പര്‍ തോക്കുകള്‍ എന്നിവ പിടിച്ചെടുത്തതായും മുഖ്യമന്ത്രി ബിരേന്‍സിങ് പറഞ്ഞു. എന്നാല്‍ വ്യാജഏറ്റുമുട്ടലിലൂടെയാണു കൊലപാതകമെന്നു കുക്കി ഗോത്രസംഘടനകള്‍ ആരോപിക്കുന്നു. ഗ്രാമങ്ങള്‍ക്കു കാവല്‍നിന്നവരെ അര്‍ധരാത്രിക്കുശേഷം മണിപ്പുര്‍ കമാന്‍ഡോകള്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് കുക്കി ഗോത്രസംഘടനകളുടെ ആരോപണം. മണിപ്പുര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാഷ്ട്രപതി ദൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തും.

ഈ മാസം 3,4 തീയതികളിലായി മെയ്‌തെയ് വിഭാഗവും കുക്കി ഗോത്രവും തമ്മിലുണ്ടായ വംശീയകലാപത്തില്‍ 75 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കലാപം ശക്തിപ്രാപിച്ചു തുടങ്ങിയിരുന്നു. ഇതോടെ ആകെ മരണം 115 കഴിഞ്ഞു. ഇപ്പോഴും മണിപ്പുരിന്റെ പല ഭാഗങ്ങളിലും വെടിവയ്പ് തുടരുകയാണ്. നിരവധി വീടുകളും ഗ്രാമങ്ങളും അഗ്‌നിക്കിരയാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇംഫാല്‍ താഴ്വരയോടു ചേര്‍ന്നുള്ള സെക്മായി, സുഗ്ണു, കുംബി, പയേങ്, സെറോ എന്നിവിടങ്ങളില്‍ കുക്കി ഭീകരസംഘടനകള്‍ ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. സെക്മായി ഒഴികെ മറ്റിടങ്ങളില്‍ വെടിവയ്പുതുടരുകയാണ്. റോഡുകളിലും മറ്റും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്.

Exit mobile version