തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ് 01 ഇന്ന് വിക്ഷേപിക്കും. ഇന്ന് രാവിലെ 10.42ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി എഫ് 12 കുതിച്ചുയരും.
2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ, ജിയോ സിംക്രണൈസ്ഡ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് എത്തിക്കുക. ഇത് താല്കാലിക സഞ്ചാരപഥമാണ്. അതിനു ശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓര്‍ബിറ്റിലേക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ ക്ളോക്കാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ കൃത്യമായ സ്ഥാന, സമയ നിര്‍ണയങ്ങള്‍ക്ക് സഹായകരമാകും.
വിക്ഷേപണം കഴിഞ്ഞ 18 മിനിറ്റ് അറുപത്തി ഏഴു സെക്കന്‍ഡുകള്‍ കൊണ്ട് എന്‍വിഎസ് ഒന്ന് ഭ്രമണപഥത്തിലെത്തും. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉള്‍പ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിര്‍ണയ സ്ഥാനനിര്‍ണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്.എന്നാല്‍ 1999 ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങള്‍ നല്കാന് യുഎസ് വിസമ്മതിച്ചോതെടാണ് നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചത്.
2006ല്‍ പദ്ധതിയ്ക്ക് അംഗീകാരം നല്കി. പൂര്‍ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് നാവിക് പ്രവര്‍ത്തിയ്ക്കുക. ഒന്‍പത് വിക്ഷേപണങ്ങള്‍ നടത്തിയെങ്കിലും ഏഴ് ഉപഗ്രഹങ്ങളാണ് പ്രവര്‍ത്തനക്ഷമമായി ഉള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഗ്രൗണ്ട് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇന്നത്തെ വിക്ഷേപണത്തിന്.
Discussion about this post