കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആന ആനഗജം ഭാഗത്ത് ഉള്ളതായി സംശയം തോന്നിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കു വെടി വെയ്ക്കാനുള്ള തോക്കുമായി ഈ ഭാഗത്തേക്ക് നീങ്ങി. ദൗത്യ സംഘത്തിന്റെ വാഹനവും ഈ ഭാഗത്തേക്ക് പോയിട്ടുണ്ട്. മേഘമല ഡെപ്യൂട്ടി ഡയറക്ടര്‍, തേനി ഡിഫ്ഒ ഉള്‍പ്പടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.
അരിക്കൊമ്പന്‍ കൂത്തനാച്ചി ക്ഷേത്രത്തിനു സമീപമുണ്ടെന്നാണ് രാവിലെ ലഭിച്ച വിവരം. ചുരുളിക്കും കെ കെ പെട്ടിക്കും ഇടയിലാണ് ഈ സ്ഥലം. ശ്രീവല്ലിപുത്തൂര്‍ മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. അരിക്കൊമ്പനെ പിടിക്കാന്‍ മുത്തുവെന്ന മറ്റൊരു കുങ്കിയാനയെ കൂടി വനം വകുപ്പ് കൊണ്ടുവരുന്നുണ്ട്. ഈ ആനയെ ഉടന്‍ കമ്പത്ത് എത്തിക്കും. ആനമാല സ്വയംഭൂ എന്ന ഒരു കുങ്കിയാനയെ നേരത്തെ തന്നെ എത്തിച്ചിരുന്നു.
കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതം ഇന്നും നിരോധിച്ചു. ബൈപ്പാസിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്.