സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫർഹാനയും സിദ്ദിഖും തമ്മിൽ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടു. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാൻ ഫർഹാന ബാഗിൽ ചുറ്റിക കരുതിയിരുന്നു. ഷിബിലി കത്തി കരുതിയിരുന്നതും ഇതിനായിരുന്നു. സിദ്ദിഖിനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുത്തു. തുടർന്ന് ആഷിക് സിദ്ദിഖിനെ ചവിട്ടി വീഴ്ത്തി. ഫർഹാന നൽകിയ ചുറ്റിക കൊണ്ടാണ് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുന്നത്.
ഫർഹാനായാണ് ഷിബിലിക്ക് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി കൊടുത്തത്. ഫർഹാനയും ഷിബിലിയും പ്രണയത്തിലായിരുന്നു എന്ന് ഫർഹാനയുടെ ഉമ്മ പറഞ്ഞു. മകൾ ഇങ്ങനെയൊരു പ്രവർത്തി ചെയ്യില്ലെന്നും ഇതിനെല്ലാം ഉത്തരവാദി ഷിബിലി ആകുമെന്നുമാണ് ഫർഹാനയുടെ ഉമ്മ പറയുന്നത്. ഷിബിലിന്റെ ആധാർ കാർഡുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനാണ് ഫർഹാനയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത് എന്നാണ് ഉമ്മയുടെ മൊഴി.
ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ഇന്നലെ രാത്രി ചെന്നൈയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്. പ്രതികളെ രാത്രിയോടെ കേരളത്തിൽ എത്തിക്കും.
Summary: Siddique murder: Police confirm honeytrap behind it