പാർലമെന്റ് മന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ കേന്ദസർക്കാരും ബിജെപിയും തയ്യാറെടുക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ദേശീയ തലത്തിൽ പ്രതപക്ഷ ഐക്യം കൂടുതൽ ശക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിഷേധ സൂചകമായി ഉദ്ഘാടന ചടങ്ങു ബഹിഷ്കരിക്കാൻ 19 പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്.
എന്നാൽ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാത്രമല്ല പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനു പിന്നിൽ നിൽക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗന്യനാക്കിയ ബിജെപി തന്ത്രത്തിനെതിരെ പാർലെമെന്റിൽ രൂപപ്പെട്ട പ്രതിപക്ഷ സഹകരണമാണ് ഇന്ന് ബഹിഷ്കരണമെന്ന 19 പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കെട്ടായ തീരുമാനത്തിലെത്തി നിൽക്കുന്നത്. സംയുക്ത പ്രസ്താവനയിലൂടെയാണ് ബഹിഷ്കരണം പ്രഖ്യാപിച്ചത്.
‘രാഷ്ട്രപതിയെ ചടങ്ങിനു ക്ഷണിക്കാത്തത് പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കലാണ്. അഹങ്കാരത്തിന്റെ ശിലകൾ കൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങൾ കൊണ്ടാണ് പാർലമെന്റ് നിർമിക്കേണ്ടത്” എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതേ സമയം ‘ഉദ്ഘാടനച്ചടങ്ങു രാഷ്ട്രീയവൽക്കരിക്കരുത്. കേന്ദ്ര സർക്കാർ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.’. എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.