മയക്കുമരുന്ന് വിറ്റു അറസ്റ്റിലാകുന്നവര്‍ക്ക് ഇനി മുതല്‍ പള്ളിയില്‍ പ്രവേശനമില്ല. കേരളത്തിനകത്തും പുറത്തും പ്രശസ്തായ മുസ്‌ളീം തീര്‍ത്ഥാടന കേന്ദ്രമായ തിരുവനന്തപുരം ബീമാ പള്ളി കമ്മിറ്റിയാണ് മാതൃകാപരമായ ഈ തിരുമാനം കൈക്കൊണ്ടത്. മയക്കുമരുന്ന് വിറ്റു പിടിക്കപ്പെട്ടാല്‍ അത്തരക്കാര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് പള്ളിയില്‍ പ്രവേശനം ഉണ്ടാകില്ലന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജമാ അത്ത് കമ്മറ്റി തിരുമാനം എടുക്കുകയായിരുന്നു. ഏതാണ്ട് 23000 ത്തോളം വിശ്വാസികള്‍ ഈ പളളിക്ക് കീഴില്‍ ഉണ്ട്.
പള്ളിയുടെ മീറ്റിംഗുകളിലൊക്കെ സജീവമായി പങ്കെടുക്കുന്ന മുഹമ്മദ് സിറാജിനെയും അയാളുടെ സുഹൃത്ത് നന്ദുവിനെയും 1.4 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.ഇതടെയാണ് ഈ മാതൃകാപരമായ തിരുമാനം ജമാ അത്ത് കമ്മിറ്റി കൈക്കൊണ്ടത്. ഇയാളെ ഇനി പള്ളിയിലെ ഒരു കാര്യത്തിനും അടുപ്പിക്കേണ്ടെന്ന് കമ്മിറ്റി കൂടി തിരുമാനിക്കുകയായിരുന്നു.
ഇത്തരത്തിലൊരു നിരോധനം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് തങ്ങള്‍ക്ക് അറിയാമെങ്കിലും ഒരോ കുടുംബങ്ങളും ഇക്കാര്യം ഗൗരവമായി എടുത്ത് തങ്ങളുടെ കുടുംബാംഗങ്ങള്‍ ആരും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധയും ശ്രമവും ഉണ്ടാകണം, അതിന് വേണ്ടിയാണ് തങ്ങള്‍ ഇത്തരം ഒരു നടപടി കൈക്കൊണ്ടതെന്നും പള്ളിക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
ബീമാ പള്ളി പരിസരത്ത് നിന്ന് നിരവധി മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയും പിടിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് തങ്ങള്‍ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കാരണമായതെന്ന് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം കെ എം നിയാസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.