ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ച് എംപിമാര്‍ക്ക് കത്ത്. ഞായറാഴ്ച 12 മണിക്കാണ് ലോക്‌സഭാ സ്പീക്കറുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ചടങ്ങ് ബഹിഷ്‌ക്കരിക്കും.
രാഷ്ട്രപതിയെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇരു പാര്‍ട്ടി നേതാക്കളും പറയുന്നു. കോണ്‍ഗ്രസും ഇടത് പക്ഷവും ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.വരുന്ന ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
മോദിയുടെ പൊങ്ങച്ച പ്രോജക്ടെന്ന് കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിക്കായി രാഷ്ട്രപതിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനവും ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ്.പുതിയ സഭാഗൃഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമനിര്‍മ്മാണത്തിന്റെ തലവനായ രാഷ്ട്രപതിയാണ് സ്വഭാവികമായും ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് ചടങ്ങിലേക്ക് ക്ഷണമില്ല. പകരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് അവസരമൊരുക്കാനായി പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.