പാലക്കാട് : പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിനു അവകാശപ്പെട്ട വെള്ളം നല്‍കാതെ തമിഴ്‌നാട്. ഇതോടെ ആളിയാറില്‍ നിന്നെത്തുന്ന വെള്ളത്തെ ആശ്രയിച്ചുള്ള പാലക്കാട്ടെ ഒന്നാം വിള നെല്‍കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയും രണ്ടു ദിവസത്തിനകം വെള്ളമെത്തിയില്ലെങ്കില്‍ കൃഷി മുടങ്ങുമോ എന്ന ആശങ്കയിലാണ് പതിനായിരത്തോളം കര്‍ഷകര്‍.
പാലക്കാടന്‍ പാടങ്ങളില്‍ വിത്ത് വിതയ്‌ക്കേണ്ട സമയമാണിത്. പക്ഷെ ആളിയാറില്‍ നിന്ന് വെള്ളം എത്താത്തതിനാല്‍ ഭൂരിഭാഗം പാടങ്ങളും പാതിവഴിയിലായി.മെയ് 15 മുതല്‍ ജൂണ്‍ 30 നകം കേരളത്തിന് ഒന്നാം വിള കൃഷിക്കായി ആളിയാറില്‍ നിന്ന് കിട്ടേണ്ടത് 900 ദശലക്ഷം ഘനയടി വെള്ളമാണ്.
എന്നാല്‍ നിലവില്‍ സെക്കന്റില്‍ 70 ക്യു സെക്‌സ് വെള്ളം മാത്രമാണ് ആളിയാറില്‍ നിന്ന് ആകെ പുറത്തു വിടുന്നത്. വെള്ളമില്ലെന്ന കാരണമാണ് തമിഴ്‌നാട് ഉയര്‍ത്തുന്നത്. ഇതോടെ ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശത്തെ നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അതേ സമയം പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും കര്‍ഷകരുടെ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അറിയിച്ചു.
Discussion about this post