ലാലിഗയില്‍ വലന്‍സിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് വലന്‍സിയ സ്വന്തം മൈതാനത്ത് റയലിനെ പരാജയപ്പെടുത്തിയത്. ആത്യന്തം സംഭവബഹുലമായിരുന്നു മത്സരം. മത്സരത്തിനിടെ ബ്രസീലിയന്‍ സൂപ്പര്‍താരമായ വിനീഷ്യസ് ജൂനിയര്‍ വംശിയാധിക്ഷേപങ്ങള്‍ക്ക് ഇരയായിരുന്നു. നിരവധി വലന്‍സിയ ആരാധകര്‍ അദ്ദേഹത്തെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും വിനീഷ്യസ് മരിക്കട്ടെ എന്ന് ചാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ വിനിഷ്യസ് ശക്തമായ ഭാഷയില്‍ കളിക്കളത്തില്‍ പ്രതികരിച്ചിരുന്നു. പ്രതികരിച്ച വിനീഷ്യസിന് ചുവപ്പ് കാര്‍ഡ് കിട്ടി കളത്തിന് പുറത്തുപോകേണ്ടിയും വന്നു.
മത്സരത്തിന് ശേഷം സ്പാനിഷ് ലീഗായ ലാലീഗയെ രൂക്ഷമായി വിമര്‍ശിച്ചു വിനീഷ്യസ് ജൂനിയര്‍ രംഗത്തെത്തി. അദ്ദേഹം ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മെസ്സിയും ക്രിസ്റ്റ്യാനോയും മറഡോണയും റൊണാള്‍ഡോയുമൊക്കെ കളിച്ച ഒരു ലീഗ് ഇന്ന് റേസിസ്റ്റുകളുടെ ലീഗാണ് എന്നാണ് വിനീഷ്യസ് ആരോപിച്ചിട്ടുള്ളത്. ഫുട്‌ബോള്‍ ലോകം ഒന്നടങ്കം തന്നെ വിനീഷ്യസിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരമായ നെയ്മര്‍ ജൂനിയര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഞാന്‍ നിന്റെ കൂടെയുണ്ട് വിനി എന്നാണ് നെയ്മര്‍ ജൂനിയര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്്. പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരമായ കിലിയന്‍ എംബപ്പേയും വിനീഷ്യസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു . നീ ഒറ്റക്കല്ല വിനി.. ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്.. ഞങ്ങള്‍ നിന്നെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് എംബപ്പേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പിന്നാലെ പിഎസ്ജിയുടെ മറ്റൊരു സൂപ്പര്‍താരമായ അഷ്റഫ് ഹക്കീമിയും രംഗത്ത് വന്നു. ഞങ്ങള്‍ നിന്നോടൊപ്പമുണ്ട് സഹോദരാ എന്നാണ് ഹക്കീമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുള്ളത്.
ഇത് ലാലിഗയുടെ പ്രശ്‌നമാണ് എന്നും ലാലിഗ വംശീയാധിക്ഷേപങ്ങള്‍ക്ക് മേല്‍ നടപടികള്‍ എടുക്കാത്തതാണ് പ്രശ്‌നം എന്നും മത്സര ശേഷം റയല്‍ കോച്ച് ആഞ്ചലോട്ടിയും വ്യക്തമാക്കി.
ഒരു സ്റ്റേഡിയം മുഴുവന്‍ വിനീഷ്യസിനെതിരെ വംശീയാധിക്ഷേപ ചാന്റ്‌സ് നടത്തുക ആയിരുന്നു എന്നും അപ്പോള്‍ എങ്ങനെ ആണ് ഒരു താരത്തിന് കളിക്കാന്‍ ആവുക എന്നും ആഞ്ചലോട്ടി ചോദിച്ചു. റഫറി കളി നിര്‍ത്തി വെക്കണമെന്ന് റഫറിയോട് താന്‍ ആവശ്യപ്പെട്ടിട്ടും ഒരു ഗുണവും ഉണ്ടായില്ലെന്നും റയല്‍ മാഡ്രിഡ് കോച്ച് കൂട്ടിച്ചേര്‍ത്തു. ഏതായാലും തുടര്‍ച്ചയായി വംശീയമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുന്ന വിനീഷ്യസ് ജൂനിയര്‍ക്ക് അനുകൂലമായി ലാലിഗ നിലപാടുകള്‍ ഒന്നും എടുക്കാത്തത് വലിയ രൂപത്തിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇപ്പോള്‍ വഴിവക്കുന്നത്.
Discussion about this post