കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ചാണ് പരിപാടി. ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുൻ അംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും ആദരിക്കും.
അഖിലേന്ത്യ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ പിറവം മുൻ എം.എൽ.എ എം ജെ ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. സിൽവർ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതിയെ ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. ഉപരാഷ്ട്രപതിക്കായി ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ഒമ്പതിന് പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.
Discussion about this post