ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് കേട്ടിട്ടില്ലേ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി വരുമ്പോൾ ചിലയിടത്ത് പാതിരാത്രിയും പകൽവെളിച്ചം പരക്കും. ഇത്തവണ രാജ്യത്തെ പതിവുകൾ മാറ്റിയെഴുതി മോദിക്ക് രാജകീയ വരവേൽപ്പ് നൽകി ശ്രദ്ധ നേടിയിരിക്കയാണ് പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനി.
ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രാദേശിക സമയം രാത്രി 10 മണിക്ക് ശേഷമാണ് മോദി പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മോർസ്ബിയിലെത്തിയത്. രാജ്യത്തെ പ്രധാനമന്ത്രി ജെയിംസ് മറാപെ വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിക്ക് സ്വീകരണം നൽകി. ഇതിനിടെ മറാപെ മോദിയുടെ കാൽതൊട്ട് വന്ദിച്ചത് കൗതുകമായി. തന്നെ സ്വീകരിക്കാൻ നേരിട്ടെത്തിയ മറാപെയ്ക്ക് മോദി നന്ദി അറിയിച്ചു.
സൂര്യാസ്തമയത്തിന് ശേഷം എത്തുന്ന ലോകനേതാക്കൾക്ക് പാപ്പുവ ന്യൂഗിനിയിൽ സാധാരണയായി ആചാരപരമായ സ്വീകരണം നൽകാറില്ല. എന്നാൽ, മോദിക്ക് വേണ്ടി ഈ രീതി പൊളിച്ചെഴുതാൻ മറാപെ തീരുമാനിക്കുകയായിരുന്നു. പാപ്പുവ ന്യൂഗിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഹിരോഷിമയിൽ ലഭിച്ച പോലെ ഇന്ത്യൻ സമൂഹത്തിന്റെ ഗംഭീര സ്വീകരണവും മോദിക്ക് പോർട്ട് മോർസ്ബിയിൽ ലഭിച്ചു. ഇന്ന് നടക്കുന്ന ഫോറം ഫോർ ഇന്ത്യ – പസഫിക് ഐലൻഡ്സ് കോഓപ്പറേഷന്റെ മൂന്നാം ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി പാപ്പുവ ന്യൂഗിനിയിലെത്തിയത്.