രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷികം: രാഹുൽ ഗാന്ധിയുടെ വൈകാരിക ട്വീറ്റ്

രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷിക ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് മകൻ രാഹുൽ ഗാന്ധി. ‘പപ്പാ, നിങ്ങൾ എന്റെ കൂടെയുണ്ട്, ഒരു പ്രചോദനമായി, ഓർമ്മകളായി, എപ്പോഴും!’ ഇങ്ങനെയാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. രാജീവ് ഗാന്ധിയുടെ വിവിധ വീഡിയോകൾ കൂടി ഉൾപ്പെടെയാണ് രാഹുൽ ഹിന്ദിയിൽ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

അച്ഛന്റെ 32-ാം ചരമവാർഷികത്തിൽ ദേശീയ തലസ്ഥാനത്തെ വീർഭൂമിയിൽ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയ്‌ക്കൊപ്പം എത്തി പുഷ്പാർച്ചന നടത്തിയിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ചു. രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ഓർമദിനത്തിന്റെ ഭാഗമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ദേശീയ തീവ്രവാദ വിരുദ്ധ ദിനമായാണ് രാജീവ്ഗാന്ധിയുടെ ചരമ വാര്‍ഷികം ആചരിക്കുന്നത്.

Summary: 32nd death anniversary of Rajiv Gandhi; Rahul Gandhi’s emotional tweet

Exit mobile version