തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി യിൽ 2000 രൂപ നോട്ട് സ്വീകരിക്കില്ല. 2000 രൂപ നോട്ട് റിസർവ് ബാങ്ക് പിൻവലിക്കുന്ന സാഹചര്യത്തിലാണ് കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ ബിവറേജസ് കോർപറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സർക്കുലർ.
മെയ് 19 നാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.
2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്നാണ് ആർബിഐ പറഞ്ഞത്. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്. ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യമുണ്ട്. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചിരുന്നു. അതുകൊണ്ട് തന്നെ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
Discussion about this post