തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ വിലക്കി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. നേരത്തെയുണ്ടായിരുന്ന ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ട് ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിരവധി ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.

ക്ഷേത്രത്തിലെ ആചരാനുഷ്ഠാനങ്ങള്‍ക്കും, പരമ്പരാഗതമായി ചെയ്യുന്ന കാര്യങ്ങള്‍ക്കുമല്ലാതെ മറ്റൊന്നിനും അനുമതി കൊടുക്കാന്‍ പാടില്ലന്നാണ് ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ പറയുന്നത്.

ആയുധം ധരിച്ചോ അല്ലാതെയോ ഉള്ള കായിക അഭ്യാസങ്ങള്‍, ഡ്രില്ലുകള്‍ അതിനായി ക്ഷേത്രത്തിന്റെ വസ്തുക്കള്‍ ഉപയോഗിക്കല്‍ ഇതെല്ലാം നിരോധിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ അത് തടയുകയും ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കുകയും വേണമെന്ന് സര്‍ക്കുലര്‍ പറയുന്നു. ഇത് പാലിക്കാത്ത ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.

Exit mobile version