എരുമേലി കണമലയില്‍ രണ്ടു പേരുടെ ജീവന്‍ നഷ്ടമാക്കിയ കാട്ടുപോത്തിനെ വെടിവെയ്ക്കാനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കും എന്ന്റിപ്പോർട്ട്. രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായ രണ്ടാമത്തെയാളും മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തേ വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന ആളെ വീട്ടില്‍ കയറി ആക്രമിച്ച് കാട്ടുപോത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ശബ്ദം കേട്ട് ഓടിവന്ന് ആക്രമണത്തിന് ഇരയായയാളും മരണമടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണമടയുകയായിരുന്നു. കൊല്ലത്താണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നാമത്തെ റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ വീടിന്റെ വരാന്തയില്‍ പത്രം വായിച്ച് ഇരിക്കുമ്പോള്‍ കണമല പുറത്തേല്‍ സ്വദേശി ചാക്കോയെ കാട്ടുപോത്ത് കുത്തിവീഴ്ത്തിയിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ചാക്കോ മരിച്ചിരുന്നു. ഇതിന് പുറമേയാണ് കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കലില്‍ നടന്ന സംഭവത്തില്‍ കൊടിഞ്ഞല്‍ സ്വദേശി വര്‍ഗ്ഗീസ് മരണമടഞ്ഞത്. ഇന്നലെ വിദേശത്ത് നിന്നും വന്ന അദ്ദേഹം വീടിന് സമീപത്തെ പറമ്പില്‍ നടക്കുമ്പോഴായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്. കാലില്‍ പരിക്കേറ്റ വര്‍ഗ്ഗീസ് പിന്നീട് മരണമടഞ്ഞു. രണ്ടുപോത്താണ് ഇവിടെ ഇറങ്ങിയത്. പരിക്കേറ്റ വര്‍ഗ്ഗീസിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കാട്ടുപോത്തും പിന്നീട് ചത്തു.
തൃശൂര്‍ ചേലക്കര പൈങ്കുളത്ത് സ്‌കൂട്ടറിന് നേരെ കാട്ടുപന്നി നടത്തിയ ആക്രമണത്തില്‍ സ്‌കൂട്ടറില്‍ നിന്നും വീണ് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നി സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. രാവിലെ ഏഴുമണിയോടെ ജോലിക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഒരാള്‍ക്ക് തലയ്ക്കും മറ്റൊരാള്‍ക്ക് തോളിലും പരിക്കേറ്റു.
ചാലക്കുടി മേലൂരില്‍ ജനവാസ മേഖലിയില്‍ ഇറങ്ങിയ കാട്ടുപോത്ത് നാട്ടുകാര്‍ ബഹളം വെച്ചതോടെ കാട്ടുപോത്ത് മറ്റൊരു പറമ്പിലേക്ക് ഓടി. ഇന്ന് രാവിലെയായിരുന്നു ഇവിടെ കാട്ടുപോത്ത് ഇറങ്ങിയത്. കാട്ടുപോത്തിനായി പിന്നീട് വനപാലകര്‍ എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. മലപ്പുറത്ത് കരടിയുടെ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടെ നിലമ്പൂര്‍ വനമേഖലയില്‍ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. തരിപ്പപ്പൊട്ടി കോളനി വെളുത്തയ്ക്ക് (40) ആണ് പരിക്കേറ്റത്. കാലില്‍ സാരമായി പരിക്കേറ്റ വെളുത്തയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.