മുൻ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന് രാജിവച്ചു. വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുഭാഷ് മഹാരിയയുടെ ഈ പ്രവർത്തി കോൺഗ്രസിന് തിരിച്ചടിയാകും. അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കത്തിനിടെയാണ് കോൺഗ്രസ് വിടാനുള്ള തീരുമാനം സുഭാഷ് മഹാരിയ എടുത്തത്.
2016 ലാണ് ബിജെപി വിട്ട് സുഭാഷ് മഹാരിയ കോൺഗ്രസിൽ എത്തുന്നത്. സച്ചിൻ പൈലറ്റ് പിസിസി തലവനായപ്പോൾ മഹാരിയയെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. 1999 ഒക്ടോബർ മുതൽ 2003 ജനുവരി വരെ ഗ്രാമവികസന മന്ത്രിയായിരുന്നു മഹാരിയ. 2003-2004 ജനുവരി വരെ അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായി. 1998 മുതൽ 2009 വരെ സുഭാഷ് മഹാരിയ ബി.ജെ.പി ടിക്കറ്റിൽ മൂന്ന് തവണ സിക്കാറിൽ നിന്ന് പാർലമെന്റ് അംഗമായി മത്സരിച്ച് വിജയിച്ചു. എന്നാൽ 2009 ൽ മഹാദേവ് സിങ് ഖണ്ഡേലിനോട് പരാജയപ്പെട്ടു. 2014 ൽ മഹാരിയക്ക് ബിജെപി ടിക്കറ്റ് നൽകാത്തതിനാൽ സ്വതന്ത്രനായി മത്സരിച്ചു.
പിന്നീട് സച്ചിൻ പൈലറ്റിന്റെ നിർദ്ദേശപ്രകാരം മഹാരിയ കോൺഗ്രസ് പാർട്ടിയിൽ പ്രവേശിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മഹാരിയയെ സ്ഥാനാർഥിയാക്കിയിരുന്നു. എന്നാലിപ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്തസാരയ്‌ക്കെതിരെ ബിജെപി മഹാരിയയെ മത്സരിപ്പിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
Summary: Former Union Minister Subhash Maharia Quits Congress; Hints to go back to BJP