കുറച്ചു ദിവസങ്ങളായി നീണ്ട നിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.മന്ത്രിസഭയിലെ ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഉണ്ടാകും. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായും ഡികെ തുടരും.
സത്യപ്രതിജ്ഞ ശനിയാഴ്ച ഉച്ചക്ക് 12.30നായിരിക്കും എന്നാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്ന് വൈകീട്ട് ബംഗളുരുവിൽ നിയമസഭ കക്ഷി യോഗം ഔപചാരികമായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.
തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് ആശങ്കയിലായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വം മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ ഡി കെ ശിവകുമാർ ഇതിനെ അംഗീകരിച്ചിരുന്നില്ല. രാത്രി വൈകിയും നീണ്ട ചർച്ചകൾക്കൊടുവിലാണ് നിലവിൽ തീരുമാനമായിരിക്കുന്നത്.
എന്നാൽ മുഖ്യമന്ത്രി പങ്കിടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ഉത്തരം കോൺഗ്രസ് നൽകുന്നില്ല. ജനങ്ങളുമായി തങ്ങൾ അധികാരം പങ്കിടുന്നത് എന്നാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.
Summary: Karnataka will be led by Siddaramaiah, DK Deputy Chief Minister
Discussion about this post