കര്‍ണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകുമെന്നും വാർത്തയുണ്ട്. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്ന അഭ്യൂഹങ്ങൾ പറന്നിരുന്നെങ്കിലും വാർത്ത കോൺഗ്രസ് വൃത്തങ്ങൾ സ്ഥിതീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി ആകുമെന്നും ഈ മാസം 20ന് ബെംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരും യോഗത്തിനെത്തണമെന്നാണ് നിര്‍ദേശം. ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഹൈക്കമാന്റിന്റെ ഇടപെടലോടെ പരിഹാരമായത്.

സിദ്ധരാമയ്യ ആദ്യ രണ്ടര വര്‍ഷവും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. കര്‍ണാടക മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍ക്കിടെ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഡി കെ ശിവകുമാറിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം ഫലം കണ്ടില്ല.

Summary: Siddaramaiah as Chief Minister; DK Shivakumar as Deputy Chief Minister

Exit mobile version