കാട്ടാക്കട കോളേജിലേത് വിചിത്രസംഭവമെന്ന് വി ഡി സതീശൻ; അന്വേഷണം ആവശ്യപ്പെട്ടു

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം വിചിത്രമായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ് നടക്കുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വം ക്രിമിനലുകളുടെ കൈകളിലാണെന്നും സിപിഐഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇഷ്ടക്കാര്‍ക്ക് ചാര്‍ജ് കൊടുക്കുന്ന ഇന്‍ചാര്‍ജ് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്ക് പകരം സംഘടനാ നേതാവിനെ തിരുകി കയറ്റിയെന്നായിരുന്നു പരാതി. ജയിച്ച എസ്എഫ്ഐ പാനലിലെ അനഘയെ മാറ്റി പകരം എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി വിശാഖിന്റെ പേരാണ് തിരുകി കയറ്റിയത്. നടപടി വിവാദമായതോടെ പട്ടിക തിരുത്തി കോളേജ് രംഗത്തെത്തിയിരുന്നു. വിശാഖിന്റ പേര് ഒഴിവാക്കി സര്‍വകലാശാലയ്ക്ക് കോളേജ് പ്രിന്‍സിപ്പല്‍ കത്ത് നല്‍കുകയും ചെയ്തു. സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കത്ത് നല്‍കിയത്. സംഭവത്തില്‍ സിപിഐഎം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആള്‍മാറാട്ടത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് എസ്എഫ്‌ഐ നല്‍കുന്ന വിശദീകരണം.

കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം നടന്നതെന്നാണ് ആരോപണം. ആള്‍മാറാട്ടം നടത്തിയത് സംബന്ധിച്ച് നിരവധി പരാതികളാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്. കെഎസ്‌യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ഡിസംബര്‍ 12നാണ് തിരഞ്ഞെടുപ്പ് നടന്നത്. ആരോമല്‍, അനഘ എന്നിവരാണ് ഇവിടെ നിന്ന് ജയിച്ചത്. കൗണ്‍സിലറുടെ പേരുകള്‍ കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയപ്പോളാണ് അനഘയുടെ പേര് മാറ്റിയത്.

Exit mobile version