ജയിക്കുന്നതിനേക്കാൾ വലിയ പെടാപ്പാടാണ് ഭരിക്കുന്നതിന്. അതെ കർണാടകയിലെ കോൺഗ്രസിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. വഴക്കിനും വയ്യാവേലിക്കും തർക്കത്തിനും അവകാശവാദത്തിനും ഒടുവിൽ ആ തീരുമാനമായി.
ആരായിരിക്കും കർണാടക മുഖ്യമന്ത്രി.
എല്ലാവരും ഊഹിച്ചതുപോലെ രണ്ടാമൂഴത്തിനൊരുങ്ങി നിൽക്കയാണ് സാക്ഷാൽ സിദ്ധരാമയ്യ. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല. ഇടഞ്ഞു നില്‍ക്കുന്ന ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്. ഉപമുഖ്യമന്ത്രി പദം വച്ചു നീട്ടിയെന്നും കേൾക്കുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഇരു നേതാക്കന്മാരുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്.
ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നൽകും. ഇതിനായി സോണിയയുടെ വീട്ടിൽ രാഹുലും ഡികെയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മാത്രമല്ല, മുഖ്യമന്ത്രിപദം രണ്ടര വർഷം വീതമെന്ന വീതംവയ്പ്പിന് തയാറല്ലെന്ന നിലപാടിലാണ് ഡി.കെ. ശിവകുമാർ. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഖർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡി.കെ.ശിവകുമാർ അറിയിച്ചതായും വിവരമുണ്ട്. കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാർ തുടരും. മുന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ലിംഗായത്ത്, എസ്‌സി, മുസ്‌ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്‌ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്.
75 കാരനായ സിദ്ധരാമയ്യ തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് ഇത്തവണ മത്സരരംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയും സംസ്ഥാനത്തെ ഏറ്റവും ജനകീയന്‍ എന്നതും സിദ്ധയ്ക്ക് തുണയായി. സത്യപ്രതിജ്ഞ നാളത്തന്നെയുണ്ടാകും. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യന്ത്രിയാകുന്നത്. 2013 മുതല്‍ 2018 വരെയാണ് അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നത്.ഇത്തവണ വരുണയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകള്‍ക്കാണ് വിജയിച്ചത്.224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്.
Discussion about this post