ബെംഗളൂരു: കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയത്തിന് ശേഷം കർണാടകയിൽ ആരാകും മുഖ്യമന്ത്രി എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറോ അതോ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നയിക്കുമോയെന്നാണ് അറിയേണ്ടത്. മൂന്നോ നാലോ ദിവസത്തിനകം ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു സമവായത്തിലെത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ കണക്കുകൂട്ടല്‍. ഞായറാഴ്ച പാര്‍ട്ടി നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ആദ്യപടി ഉണ്ടാകുമെന്നാണ് സൂചന.
ട്രബിള്‍ ഷൂട്ടര്‍ ഡി കെയെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്നും ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ താഴെത്തട്ടില്‍ സ്വാധീനമുള്ള ഒബിസി മുഖമായ സിദ്ധരാമയ്യ നേതൃപാഠവമുള്ള ഭരണാധികാരിയാണെന്ന് തെളിയിച്ചയാളാണ്. നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാല്‍ സിദ്ധരാമയ്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. എംഎല്‍എമാരുടെ കൂടി അഭിപ്രായം പരിഗണിച്ച് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വിവിധ കേസുകൾ ഡികെയ്ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 50 ദിവസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഡി കെ നിലവില്‍ നിലവിൽ ജാമ്യത്തിലാണ്. ഡി കെ മുഖ്യമന്ത്രിയായാല്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, ഐ ടി വകുപ്പ് എന്നിവയുടെ മുന്നിലുള്ള കേസുകള്‍ വിനയാകുമോയെന്ന ആശങ്കയുണ്ട്. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കും. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് സാധ്യതയേറുകയാണ്.
ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായോ ആഭ്യന്തരം പോലുള്ള പ്രധാനപ്പെട്ട വകുപ്പുകളോ ഏല്‍പ്പിച്ചേക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് സംസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച ഡി കെയെ കോണ്‍ഗ്രസിന് അവഗണിക്കാനാവുന്നതല്ല. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യയും ഡികെയും അഞ്ച് വര്‍ഷ കാലാവധി പങ്കിട്ടെടുക്കാനും സാധ്യതയുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ കർണാടകയിൽ ആര് മുഖ്യനാകും എന്ന് വരുംദിവസങ്ങളിൽ അറിയാം.
Summary: DK or Siddaramaiah; Who will be the Chief Minister?
Discussion about this post