ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ

ബെംഗളുരു : കർണാടകത്തിൽ ബിജെപിയെ നിലംപരിശാക്കി കോൺഗ്രസ് അധികാരം നേടി. വോട്ടെണ്ണലിൻറെ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം ഘട്ടം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് കോൺഗ്രസ് മുന്നേറിയത്. സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോൺഗ്രസ് വൻ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. കർണാടകയിലെ ആകെയുള്ള ആറ് മേഖലകളിൽ അഞ്ചിടത്തും വ്യക്തമായ ലീഡ് കോൺഗ്രസിനാണ്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്.

43% വോട്ട് വിഹിതമാണ് കോൺഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോൺഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹിതം 36% തന്നെയായിരുന്നു. എന്നാൽ വോട്ട് വിഹിതം ഇക്കുറി സീറ്റായി മാറിയില്ല. വോട്ടു വിഹിതത്തിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് ജെഡിഎസ്സിനാണ്. ജെഡിഎസ്സിന് കിട്ടിയത് 13.4% വോട്ടുകളാണ്. കഴിഞ്ഞ തവണത്തേ ആപേക്ഷിച്ച് 5% വോട്ടിൻറെ നഷ്ടമാണ് ജെഡിഎസ്സിന് ഉണ്ടായത്. കിങ് മേക്കറോ കിങ്ങോ ആകും എന്ന് വീമ്പിളക്കിയ ജെഡിഎസ്സിന് കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസിൻറെ ഉറച്ച മണ്ഡലമായ രാമനഗരയിൽ തോറ്റത് ദേവഗൗഡ കുടുംബത്തിന് തന്നെ തിരിച്ചടിയായി. ജെഡിഎസ്സിൻറെ പിന്തുണയോടെ ബാഗെപ്പള്ളി മണ്ഡലത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി.

എല്ലാ സമുദായങ്ങളും ഇക്കുറി കോൺഗ്രസിനൊപ്പം നിന്നു എന്നതാണ് കോൺഗ്രസിന് നേട്ടമായത്. പട്ടികജാതി പട്ടിക വർഗങ്ങൾക്ക് ആധിപത്യമുള്ള എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് നേട്ടമുണ്ടാക്കി. സംസ്ഥാനത്ത് പ്രത്യേകിച്ച് ദക്ഷിണ കർണാടകയിൽ മുസ്ലിം സമുദായം ഒന്നടങ്കം കോൺഗ്രസിനൊപ്പം നിന്നു. ജെഡിഎസ്സിൻറെ വോട്ടുബാങ്കിൽ വിള്ളൽ വീഴാനുള്ള പ്രധാന കാരണം ഇതാണ്. ലിംഗായത്തുകൾക്ക് സ്വാധീനമുള്ള മേഖലയിലും വൻ നേട്ടമാണ് കോൺഗ്രസ് ഉണ്ടാക്കിയത്. സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരടക്കം കോൺഗ്രസിൻറെ എല്ലാ പ്രമുഖരും വൻഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ ഹുബ്ലി ധാർവാഡ് മണ്ഡലത്തിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ തോറ്റു. അതേസമയം മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സാവഡി അഥനി മണ്ഡലത്തിൽ ജയിച്ചു. ലിംഗായത് സമുദായത്തിന് ഏറെ സ്വാധീനമുള്ള കിട്ടൂർ കർണാടകയിൽ ബിജെപിയെ കോൺഗ്രസ് നിലംപരിശാക്കി. ലിംഗായത്തുകൾക്കിടയിൽ ബിജെപി വിരുദ്ധ വികാരം ശക്തമായിരുന്നു എന്നു കൂടി തിരഞ്ഞെടുപ്പ് തെളിയിച്ചു.

സംസ്ഥാനത്തുടനീളം ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നു. അത് പൂർണമായും കോൺഗ്രസിന് അനുകൂലമായി. അവസാന നിമിഷം രൂപപ്പെട്ട ഹനുമാൻ വിവാദം കോൺഗ്രസിന് ഫലത്തിൽ ഗുണമാവുകയാണ് ചെയ്തത്. അത് മുസ്ലീം വോട്ടുകളെ കോൺഗ്രസിന് അനുകൂലമായി ഒന്നിപ്പിച്ചപ്പോൾ ഭൂരിപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള ബിജെപിയുടെ തന്ത്രം ഫലം കണ്ടതുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി അവസാന ലാപ്പിൽ ബിജെപി നടത്തിയ വൻ പ്രചാരണം കാര്യമായ ഒരു ചലനവും സൃഷ്ടിച്ചില്ല. അതേസമയം പ്രാദേശിക വിഷയങ്ങളിലൂന്നി, പ്രാദേശിക നേതാക്കളെ മുൻനിർത്തി കോൺഗ്രസ് നടത്തിയ പ്രചാരണം കുറിക്ക് കൊള്ളുകയും ചെയ്തു. തോൽവി സമ്മതിക്കുന്നു എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.

Exit mobile version